ഡമ്മി പ്രതികള്‍: കീഴ്‌ക്കോടതി ശിക്ഷിച്ചാലും മേല്‍ക്കോടതിയില്‍ ഊരിപ്പോരും; സിപിഎം നല്‍കിയ ലിസ്റ്റില്‍ നിന്നും അറസ്റ്റ്

ഷുഹൈബ് വധത്തില്‍ കീഴടങ്ങിയ സിപിഐഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒരാള്‍ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മട്ടന്നൂര്‍ സി ഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ഇവരെ പിന്തുടരുന്നതിനാലാണു കീഴടങ്ങിയത്. ഇവരുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. പിടിക്കപ്പെട്ടവര്‍ പ്രതികളാണെന്ന് ഉറപ്പിച്ചു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ സിപിഎമ്മുകാരാണെന്നു വ്യക്തമായാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ പ്രതികളെ പിടിക്കാനാകാത്തതും കീഴടങ്ങലുമെല്ലാം സിപിഎമ്മിന്റെ നാടകമാണെന്ന് വിമര്‍ശനം ഉയരുന്നു.

മൂന്നുപേരും ഒന്നര വര്‍ഷം മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പക്ഷേ ഇവര്‍ക്കാര്‍ക്കും ഷുഹൈബുമായി ഏതൊരു ബന്ധവുമില്ല. ഇതാണ് ഡമ്മി പ്രതികളാണ് ഇവരെന്ന സംശയം വ്യാപകമാക്കുന്നത്. സിപിഎം ഏര്‍പ്പാടാക്കിയ ഡമ്മി പ്രതികളില്‍ അന്വേഷണം ചുരുക്കാനാണു ശ്രമമെന്നു സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരനും സതീശന്‍ പാച്ചേനിയും ആരോപിച്ചു കഴിഞ്ഞു. ഡമ്മി പ്രതികളെ നല്‍കുന്നതിലൂടെ കേസിലെ വിചാരണ അട്ടിമറിക്കാനാകും. ഇതിനാണ് സിപിഎം ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസില്‍ കീഴടങ്ങിയവര്‍ ഡമ്മി പ്രതികളാണെന്ന ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഡമ്മി പ്രതികള്‍ പുതുമയല്ല. കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലും വ്യാജ പ്രതികളെ ഇറക്കി യഥാര്‍ഥ അക്രമികളെ രക്ഷപ്പെടുത്തിയ സംഭവങ്ങള്‍ പല തവണ ഉണ്ടായിട്ടുണ്ട്. ഡമ്മികള്‍ പിന്നീടു തെളിവിന്റെ അഭാവത്തില്‍ മേല്‍ക്കോടതികളില്‍ രക്ഷപ്പെടും. അതിന് വേണ്ടിയാണ് ഈ നീക്കം പാര്‍ട്ടികള്‍ നടത്തുന്നത്. സിപിഎമ്മും ആര്‍എസഎസും പലപ്പോഴും ഇത് ചെയ്യാറുണ്ട്. കോണ്‍ഗ്രസിനും ചിലപ്പോഴെല്ലാം ഡമ്മി പ്രതികളെ നല്‍കി കേസ് അട്ടിമറിക്കാറുണ്ട്. ഇതിനെ കണ്ണൂര്‍ തന്ത്രമെന്നാണ് അറിയപ്പെടുന്നത്. കണ്ണൂരിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മാര്‍ഗ്ഗം സാധാരണയായി നടപ്പിലാക്കുന്നത്.

സിപിഎം നേതാക്കള്‍ക്കൊപ്പമെത്തിയാണ് ആഖകാശും രജിന്‍രാജും കീഴടങ്ങിയത്. ഇതിലൂടെ പാര്‍ട്ടി പട്ടിക പ്രകാരമാണ് അറസ്റ്റെന്ന വാദം സജീവമാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കേസില്‍ വിചാരണ നടക്കുമ്പോള്‍ കൊല നടക്കുമ്പോള്‍ ഇവര്‍ സ്ഥലത്ത് പോലും ഇല്ലെന്ന് തെളിയിക്കാനാകും. ഇതോടെ കേസിലെ വിധി പ്രതികള്‍ക്ക് അനുകൂലമാവുകയും ചെയ്യും. ആര്‍ എസ് എസും ഈ തന്ത്രം കണ്ണൂരില്‍ പുറത്തെടുക്കാറുണ്ട്. മിക്ക കേസുകളിലും ഡമ്മി പ്രതികളാകും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുക. ഷുഹൈബ് കേസില്‍ പിടിയിലായവര്‍ നിരപരാധികളാണെന്ന് സൈബര്‍ ലോകത്ത് സിപിഎം പ്രചരണം ശക്തമാണ്. പൊലീസ് വേട്ടയാടല്‍ ഭയന്നാണ് ഇവര്‍ കീഴടങ്ങിയതെന്ന് സിപിഎം പറയുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായാണ് കോടിയേരിയുടെ കരുതലോടെയുള്ള പ്രതികരണം.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍ 1999 ഡിസംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്. പാനൂരിനടുത്തു മൊകേരി ഈസ്റ്റ് യുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്‍പിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏഴു പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാള്‍ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു. ഒരാളെ കോടതി വിട്ടയച്ചു. അഞ്ചു പേര്‍ക്കു തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അതു ശരിവച്ചു. അതില്‍ നാലു പേരെയും 2006ല്‍ സുപ്രീം കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. അച്ചാരത്ത് പ്രദീപന്‍ എന്ന ഒന്നാം പ്രതിയെ മാത്രമാണു സുപ്രീം കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പക്ഷേ വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തമാക്കി. പിന്നീട് എല്‍ഡിഎഫ് ഭരണത്തില്‍ ശിക്ഷ ഇളവു ചെയ്തു പ്രദീപനെ തടവില്‍ നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇതനെല്ലാം കാരണം വ്യാജ പ്രതികളെ കേസില്‍പ്പെടുത്തിയതാണ്.

2012ല്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ.രജീഷ് ആ സത്യം അന്വേഷണ സംഘത്തിനു മുന്‍പില്‍ വെളിപ്പെടുത്തി: കെ.ടി.ജയകൃഷ്ണന്‍ കൊലക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഏഴു പേരില്‍ ആറു പേരും ഡമ്മിയായിരുന്നു. ഏഴു പ്രതികളില്‍ അച്ചാരത്ത് പ്രദീപന്‍ മാത്രമാണു കൃത്യത്തില്‍ പങ്കെടുത്തത്. മറ്റുള്ളവരെയെല്ലാം സിപിഎം നല്‍കിയ ലിസ്റ്റ് പ്രകാരം പ്രതി ചേര്‍ക്കുകയായിരുന്നു. അക്രമി സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്നു രജീഷ് വെളിപ്പെടുത്തിയെങ്കിലും പിന്നീടു മൊഴിമാറ്റി. അങ്ങനെ ജയകൃഷ്ണന്‍ കൊലക്കേസ് അട്ടിമറിക്കപ്പെട്ടു. ഇതേ രീതിയാണ് ഷുഹൈബ് കൊലയിലും നടക്കുന്നതെന്നാണ് സൂചന.

Top