മലയാളികള്‍ എത്ര കണ്ടാലും ചിരിച്ചു മറിയുന്ന സിനിമാ രംഗമാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കഥാപാത്രം പരസ്യസംവിധായകനായി എത്തിയപ്പോഴുള്ളത്. ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുമ്പോള്‍ കാമറാമാനും കുളത്തിലേക്ക് ചാടണമെന്നാണല്ലോ ശ്രീനിവാസന്സ് തിയറി ഓഫ് ഫിലിം മേക്കിംഗ്. പക്ഷേ, തൃശൂരില്‍ പരസ്യചിത്രീകരണത്തിന് എത്തിയ നടി ഈ തിയറി പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ട്, കുളത്തിലേക്ക് ക്യാമറാമാന് ചാടിയെങ്കിലും നടി ചാടിയില്ല. ഷൂട്ടിംഗിന് ഇടയിലെ രസകരമായ സംഭവം പരസ്യത്തിന്റെ അണിയറപ്രവര്‍ത്തകരിലൊരാള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. കഥ പറഞ്ഞ കഥ ഫെയിം തരുഷിയാണ് ക്യാമറാമാനെ പറ്റിച്ച നടി. ഒരു സൗന്ദര്യസോപ്പിന്റെ പരസ്യ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്ക് ട്രീ എന്ന പരസ്യകമ്പനിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ചിന്താവിഷ്ടയായ ശ്യാമളയിലെ കോമഡി പരസ്യചിത്രത്തിന് വേണ്ടി പുനരാവിഷ്കരിക്കുന്ന രീതിയിലായിരുന്നു പരസ്യം പ്ലാന്‍ ചെയ്തിരുന്നത്. ചിത്രീകരിക്കേണ്ട രംഗത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നടിയ്ക്ക് നല്കി ഷൂട്ടിംഗിലേക്ക് കടന്നു. വണ്‍, ടൂ, ത്രീ ക്യാമറാമാന് കുളത്തിലേക്ക് ചാടി. പക്ഷേ, നടി ചാടിയില്ല. ചാടാന്‍ തയ്യാറായ നടി അവസാന നിമിഷം ചാടുന്നില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ക്യാമറമാന് കുളത്തിലേക്ക് ചാടിക്കഴിഞ്ഞിരുന്നു. നോക്കി നിന്നവരൊക്കെ ചിരിയോ ചിരി.
നടി പറ്റിച്ചു, കാമറമാന്‍ നേരെ കുളത്തിലേക്ക്
Tags: advertisement