സ്വത്ത് തട്ടിയെടുക്കാൻ ശൈലജയും ഭർത്താവും ബാലകൃഷ്ണനെ കൊന്നതോ? അഭിഭാഷക പോലീസ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിലെ മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പുതുകുളങ്ങര ബാലകൃഷ്ണന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയായ കെവി ശൈലജ, ഭർത്താവ് പി കൃഷ്ണകുമാർ എന്നിവരെയാണ് തൃശൂർ പോലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുൻ സഹകരണ ‍ഡെപ്യൂട്ടി രജിസ്ട്രാർ ആയിരുന്ന ബാലകൃഷ്ണനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി സ്വത്തുക്കൾ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണമുയർന്നിരുന്നത്. അസുഖബാധിതനായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബാലകൃഷ്ണനെ ശൈലജയും ഭർത്താവും ചേർന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തത്. കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് തിരുവനന്തപുരത്ത് നിന്നും ഇരുവരും ബാലകൃഷ്ണനുമായി യാത്രതിരിച്ചത്. കോഴിക്കോട്ടേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നതിനിടെ കൊടുങ്ങല്ലൂരിൽ വെച്ചാണ് ബാലകൃഷ്ണൻ മരണപ്പെടുന്നത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കാതെ ശൈലജയും ഭർത്താവും ചേർന്ന് ബാലകൃഷ്ണന്റെ മൃതദേഹം ഷൊർണ്ണൂരിലെത്തി സംസ്കരിച്ചു. 2011 സെപ്റ്റംബർ 12നാണ് ഈ സംഭവമുണ്ടായത്. ഇതിനിടെ, തന്റെ മൂത്ത സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തിട്ടുണ്ടെന്ന് ശൈലജ വ്യാജരേഖയുണ്ടാക്കി. ബാലകൃഷ്ണന്റെ സംരക്ഷണാവകാശം ഏറ്റെടുത്ത ശൈലജ, സഹോദരിയെ വിവാഹം ചെയ്തെന്ന വ്യാജരേഖയുടെ മറവിലാണ് അദ്ദേഹത്തിന്റെ പാരമ്പര്യ സ്വത്തുക്കൾ തട്ടിയെടുത്തത്. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ബാലകൃഷ്ണന്റെ ദുരൂഹമരണത്തിൽ തൃശൂർ പോലീസ് ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തത്.

Top