കാസര്‍കോട് : അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ആയിഷ ( സോണിയ സെബാസ്റ്റിയന്‍ )യും ഉള്ളതായി ഔദ്യോഗിക സ്ഥീരികരണം. എന്‍ഐഎയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആയിഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും എന്‍ഐഎ അധികൃതര്‍ അറിയിച്ചു.എന്‍ഐഎ പരസ്യപ്പെടുത്തിയ ഭീകരരുടെ പട്ടികയില്‍ ആയിഷയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ക്കെതിരെ ചന്തേര പോലീസ് സ്‌റ്റേഷനിലും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലും കേസുകള്‍ ഉണ്ട്. ഇതിന്റെ വിചാരണയ്ക്കും മറ്റ് നടപടികള്‍ക്കുമായാണ് ആയിഷയെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
നവംബര്‍ 26 നാണ് അഫ്ഗാനില്‍ കീഴടങ്ങിയ 600 ഓളം ഭീകരരില്‍ ആയിഷയും ഉള്‍പ്പെട്ട വിവരം പുറത്തറിയുന്നത്. പിന്നീട് കീഴടങ്ങിയത് ആയിഷ ആണെന്ന് ചിത്രത്തില്‍ ബന്ധുക്കളും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് എന്‍ഐഎ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.ഐഎസ് ഭീകരര്‍ക്കൊപ്പം കീഴടങ്ങിയ കുടുംബാഗങ്ങളെ ആകും ആദ്യം ഇന്ത്യയ്ക്കു കൈമാറുമെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ നിമിഷയും സോണിയയും ഇന്ത്യയില്‍ എത്തിയേക്കും. ഇവരെ ലഭിച്ച ശേഷം മാത്രമേ കേസ് ഉള്‍പ്പെടെ നിയമനടപടികളിലേക്ക് സുരക്ഷാ ഏജന്‍സികള്‍ കടക്കൂ. കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നടപടി. ഇന്ത്യക്കാരായ ഐഎസ് ഭീകരരെ ലഭിക്കുന്നതോടെ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ചുരുള്‍ കൂടുതല്‍ അഴിയുമെന്നാണ് സുരക്ഷ ഏജന്‍സികള്‍ കരുതുന്നത്.
തിരുവനന്തപുരം സ്വദേശിയായ നിമിഷയും കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നിമിഷയുടെ അമ്മ ബിന്ദു അറിയിച്ചു. വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നിമിഷയേയും കുടുംബത്തേയും തിരിച്ചറിഞ്ഞത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്ന് മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ നിമിഷയെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും മകള്‍ തന്നെയെന്നാണ് ബോധ്യമെന്നും ബിന്ദു.
2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍ഗോഡുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. അതേസമയം കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്.
അഫ്ഗാനിലെ തോറാബോ പ്രദേശത്ത് ഐഎസിനെതിരെ അമേരിക്കന്‍ അഫ്ഗാന്‍ സൈന്യങ്ങള്‍ ചേര്‍ന്ന് ആക്രമണം നടത്തുന്നതിനിടെയാണ് ഭീകരര്‍ അഫ്ഗാന്‍ സര്‍ക്കാരിന് മുമ്പില്‍ കീഴടങ്ങിയത്.ഐഎസിൽ ചേരാനായി വിദേശത്തേക്ക് പാലായനം ചെയ്തവരുടെ കൂട്ടത്തിൽ അയിഷയും ഉണ്ടെന്നായിരുന്നു വിവരം. 2016-ൽ അയിഷയുടെ ഭർത്താവ് തൃക്കരിപ്പൂർ സ്വദേശി റാഷിദാണ് കേരളത്തിൽ നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത്.റാഷിദിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ഇന്ത്യയിൽ നിന്നും കടന്നത്. അതേസമയം, 2016 മെയ് 31ന് ഭര്‍ത്താവായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്‌ക്കൊപ്പം കാസര്‍ഗോഡ് സ്വദേശിനി സോണിയ സെബാസ്റ്റിയന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. സോണിയയെ ഫോട്ടോ കണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സോണിയ എന്ന അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടന്ന് അഫ്ഗാനിസ്ഥാനിലേക്കും കടക്കുകയായിരുന്നു. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് സോണിയയും ഭര്‍ത്താവ് റാഷിദ് അബ്ദുള്ളയും പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അയിഷയമുള്ളത്.അതേസമയം, അഫ്ഗാനിസ്ഥാനിൽ ഭീകരർ കീഴടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെ എൻഐഎ ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെത്തി ഐഎസിൽ ചേർന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കൾക്ക് ഇവർ പലരുടേയും ഫോട്ടോകൾ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൂടുതൽ വിവരങ്ങളൊന്നും നാട്ടുകാർക്ക് ലഭിച്ചിട്ടുമില്ല.