കീഴടങ്ങിയ ഐഎസ് ഭീകരരിൽ മലയാളി വനിതകളും..നിമിഷ ഫാത്തിമയും നബീസയും മറിയവും കാബൂള്‍ ജയിലിൽ.തിരിച്ചെത്തിക്കുന്നതില്‍ തീരുമാനമായില്ല.

ന്യൂദല്‍ഹി: അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരിലും കുടുംബാംഗങ്ങളിലും ഇന്ത്യാക്കാരില്‍ മലയാളികളായ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയ ബെബാസ്റ്റിയനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവരം അനുസരിച്ച് മലയാളികളായ നിമിഷ ഫാത്തിമ, നബീസ, മറിയം എന്നിവരാണ് ഇപ്പോള്‍ തടവിലുള്ളത്.

ഐഎസ് ഭീകരര്‍ക്കൊപ്പം കീഴടങ്ങിയ കുടുംബാഗങ്ങളെ ആകും ആദ്യം ഇന്ത്യയ്ക്കു കൈമാറുമെന്നു നേരത്തേ അഫ്ഘാന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇവരെ തിരികെ എത്തിക്കുന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യക്കാരായ ഐഎസ് ഭീകരരെ ലഭിക്കുന്നതോടെ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ചുരുള്‍ കൂടുതല്‍ അഴിയുമെന്നാണ് സുരക്ഷ ഏജന്‍സികള്‍ കരുതുന്നത്.

തിരുവനന്തപുരം സ്വദേശിയായ നിമിഷയും കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നിമിഷയുടെ അമ്മ ബിന്ദു അറിയിച്ചു. വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നിമിഷയേയും കുടുംബത്തേയും തിരിച്ചറിഞ്ഞത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്ന് മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ നിമിഷയെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും മകള്‍ തന്നെയെന്നാണ് ബോധ്യമെന്നും ബിന്ദു.

2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍ഗോഡുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. അതേസമയം കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്.

അതേസമയം, 2016 മെയ് 31ന് ഭര്‍ത്താവായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്‌ക്കൊപ്പം കാസര്‍ഗോഡ് സ്വദേശിനി സോണിയ സെബാസ്റ്റിയന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. സോണിയയെ ഫോട്ടോ കണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അയിഷയുടെ വിവരങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല.

സോണിയ എന്ന അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടന്ന് അഫ്ഗാനിസ്ഥാനിലേക്കും കടക്കുകയായിരുന്നു. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് സോണിയയും ഭര്‍ത്താവ് റാഷിദ് അബ്ദുള്ളയും പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അയിഷയമുള്ളത്.

Top