കാബൂൾ : താലിബാൻ തീവ്രവാദികൾക്ക് കനത്ത പ്രഹരം .അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ രാജ്യത്തെ ജനങ്ങൾ പിടിച്ചെടുത്തു. 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തിയാണ് ജനങ്ങളുടെ നേതൃത്വത്തിലുള്ള സായുധ സംഘം പ്രദേശങ്ങൾ പിടിച്ചെടുത്തത്. ബഗ്ലാനിലുള്ള പോൾ ഇ ഹെസാർ, ദേ സലാഹ, ഖാസൻ എന്നീ ജില്ലകളാണ് പബ്ലിക് റസിസ്റ്റൻസ് ഫോഴ്‌സ് പിടിച്ചെടുത്തത് എന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനങ്ങളും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 40 ഭീകരരാണ് കൊല്ലപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് പ്രദേശം ജനങ്ങൾ പിടിച്ചെടുത്തത്. എന്നാൽ താലിബാൻ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം താലിബാന്റെ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അഞ്ച് വിവിധ ഭാഷകളിലായി താലിബാൻ നിയന്ത്രണത്തിലുണ്ടായിരുന്ന വെബ്‌സൈറ്റുകളാണ് കാണാതായത്.
യുഎസ് സൈനിക മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാൻ സൈന്യത്തെ കീഴ്‌പ്പെടുത്തിക്കൊണ്ട് രാജ്യം പിടിച്ചെടുത്തത്. തുടർന്ന് രാജ്യത്തെ നിരവധി പ്രവിശ്യകളിൽ അവർ അധികാരം സ്ഥാപിക്കുകയായിരുന്നു. എന്നാൽ അഫ്ഗാനിലെ ജനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ജനങ്ങളുടെ നേതൃത്വത്തിലുള്ള സായുധ സംഘവും താലിബാൻ ഭീകരരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി.