ന്യൂഡല്‍ഹി: സുപ്രധാന ഉപസമിതികളില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബിജെപിയില്‍ കലാപക്കൊടിയുയര്‍ത്തി. പ്രതിഷേധമായി രാജിവെയ്ക്കാനൊരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിവാദം പുറത്തറിഞ്ഞ് തുടങ്ങിയതോടെ പട്ടിക പരിഷ്‌ക്കരിച്ച് രാജ്‌നാഥ് സിംഗിനെയും ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിച്ചു.
രണ്ടാം മോദി സര്‍ക്കാരിര്‍ അമിത് ഷായ്ക്ക് കിട്ടിയ അമിത പ്രാധാന്യം പാര്‍ട്ടിയില്‍തന്നെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. മോദിയ്ക്കും മുകളില്‍ സര്‍വ്വ ശക്തനായി അമിത് ഷാ എത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരും ഉണ്ട്. പ്രഖ്യാപിച്ച എട്ട് ഉപസമിതികളില്‍ അമിത് ഷാ അംഗമാണ്. രണ്ടെണ്ണത്തിന്റെ അധ്യക്ഷനുമാണ്. 7 സമിതികളില്‍ ധനമന്ത്രി നിര്‍മല സീതാരാമനുണ്ട്.
സുരക്ഷ, സാമ്പത്തികകാര്യ സമിതികളില്‍ മാത്രമാണ് രാജ്‌നാഥിനെ ഉള്‍പ്പെടുത്തിയിരുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥിനെ പല സമിതികളിലുംനിന്ന് ഒഴിവാക്കിയത് വിവാദമായതോടെ രാഷ്ട്രീയകാര്യം, പാര്‍ലമെന്ററികാര്യം, നിക്ഷേപവും വളര്‍ച്ചയും, തൊഴിലും നൈപുണ്യവികസനവും എന്നിവയില്‍കൂടി രാജ്‌നാഥിനെ ഉള്‍പ്പെടുത്തി പുതിയ പട്ടിക രാത്രി പുറത്തുവിട്ടു.
പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതിയില്‍ അമിത് ഷായ്ക്കു പുറമേ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, റാംവിലാസ് പാസ്വാന്‍, നരേന്ദ്ര സിങ് തോമര്‍, രവി ശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഡോ.ഹര്‍ഷ് വര്‍ധന്‍, പീയൂഷ് ഗോയല്‍, അരവിന്ദ് സാവന്ത്, പ്രള്‍ഹാദ് ജോഷി എന്നിവരാണുള്ളത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മാത്രം ഉള്‍പ്പെടുന്നതാണു നിയമനകാര്യ സമിതി. മന്ത്രിമാരുടെയും എംപിമാരുടെയും താമസസൗകര്യം സംബന്ധിച്ച സമിതിയില്‍ അമിത് ഷായും ഗഡ്കരിയും നിര്‍മലയും പീയൂഷുമുള്‍പ്പെടുന്നു.
പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ സമിതിയില്‍ പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, ധനം, നിയമം, പെട്രോളിയം, കൃഷി തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരുള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി അധ്യക്ഷനായ പാര്‍ലമെന്ററികാര്യ സമിതിയില്‍ ധന, നിയമ, ഭക്ഷ്യ, പരിസ്ഥിതി, പ്രതിരോധ, സാമൂഹിക നീതികാര്യ, പാര്‍ലമെന്ററികാര്യ കാബിനറ്റ് മന്ത്രിമാരാണ് അംഗങ്ങള്‍. പ്രതിരോധ, വിദേശകാര്യ, ആഭ്യന്തര, ധന മന്ത്രിമാരുള്‍പ്പെടുന്നതാണ് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ സമിതി.