തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിക്കുന്നു. സ്‌കൂളുകള്‍ രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി നിര്‍ബന്ധിത പണപ്പിരിവ് നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. ക്ഷമനിധിയെന്ന പേരില്‍ രസീതുകള്‍ നല്‍കാതെ രക്ഷിതാക്കളില്‍നിന്ന് 1,500 മുതല്‍ 4,000 രൂപ വരെയാണ് പിടിഎ ഈടാക്കുന്നത്. നൂറു രൂപയില്‍ കൂടുതല്‍ പിടിഎ ഫണ്ട് പിരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുളളപ്പോഴാണ് ഈ പകല്‍ക്കൊള്ള.
സൗജന്യ വിദ്യാഭ്യാസം അവകാശമാണെന്നാണ് നിയമം എന്നിരിക്കെ അനധികൃതമായി ഫണ്ട് പിരിക്കുന്നത് കുറ്റകരമാണ്. നിവര്‍ത്തിയില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കെത്തുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയുമാണ് വെല്‍ഫെയര്‍ ഫണ്ടിന്റെ പേരില്‍ പിഴിയുന്നത്.
രക്ഷിതാക്കളുടെ സാമ്പത്തിക നിലവാരം പോലും മാനദണ്ഡമാക്കാതെ സാധാരണക്കാരില്‍നിന്ന് നിശ്ചിത തുക പിരിച്ചെടുക്കുകയാണ് രീതി. എന്നാല്‍ രേഖകളില്‍ വളരെ ചെറിയ തുക മാത്രം എഴുതി പിന്‍വാതില്‍വഴിയാണ് പിരിവെന്നു മാത്രം. അതേസമയം, സ്‌കൂളിലെ അടിസ്ഥാന സൗകര്യവികസനത്തിനും അറ്റകുറ്റപണികള്‍ക്കുമായി പണം വേണമെന്നാണ് പിടിഎ കമ്മിറ്റികളുടെ വിശദീകരണം.