ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച രേഖകള്‍ പുറത്ത് വിടാനാവില്ലെന്ന് എയര്‍ ഇന്ത്യ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.മോദിയുടെ വിദേശ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് എയര്‍ ഇന്ത്യ ഇങ്ങനെ മറുപടി നല്‍കിയത്. 2016 മുതലുള്ള നരേന്ദ്രമോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം തിരക്കിയത്. സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാല്‍ രേഖകള്‍ പുറത്ത് വിടരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമുണ്ടെന്നും മറുപടിയില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാന യാത്ര വിരങ്ങളോടൊപ്പം ഈ യാത്രയുടെ ബില്ലുകള്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച തിയതികളും ആര്‍ടി ഐയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പൊതുജന വിവരാകാശ ഓഫീസിലാണ് ആര്‍ടിഐ നല്‍കിയത്. ഇവിടെ നിന്നാണ് എയര്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കും വിവരങ്ങള്‍ ആരാഞ്ഞതെന്ന് റിട്ടയേര്‍ഡ് കമോഡോര്‍ ലോകേഷ് ബത്ര അവകാശപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും എയര്‍ ഇന്ത്യയും തമ്മില്‍ ഈ വിഷയത്തില്‍ നടത്തിയ ഇമെയില്‍ ഇടപാടിന്റെ പകര്‍പ്പും മറുപടിക്കൊപ്പം ചേര്‍ത്തിരുന്നു. പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെ ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. നേരത്തെ, വിവരാവകാശ കമ്മിഷന്റെ മറുപടിയെ തുടര്‍ന്നാണ് ബത്ര എയര്‍ ഇന്ത്യയ്ക്ക് കത്ത് നല്‍കിയത്. മതിയായ കാരണങ്ങളില്ലാതെ വിവരങ്ങള്‍ നല്‍കുന്നത് നിഷേധിക്കാന്‍ അവകാശമില്ലെന്ന് ബത്ര കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വിവരങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും തങ്ങളുടെ കൈയിലുള്ള റെക്കാഡുകള്‍ പ്രകാരമുള്ള വിവരങ്ങളാണ് കൈമാറുന്നതെന്നുമായിരുന്നു ഇതിന് എയര്‍ ഇന്ത്യയുടെ മറുപടി.
പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ആര്‍ടിഐയുടെ കീഴില്‍ പെടുത്തരുത്; എയര്‍ ഇന്ത്യക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം
Tags: modi