എവിടെയാണ് മോദി പറഞ്ഞ അച്ഛേ ദിന്‍; മോദി സര്‍ക്കാര്‍ പരാജയമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്

2014 തെരഞ്ഞെടുപ്പിന് ബിജെപിയുടെ മുദ്രാവാക്യമായിരുന്നു ‘അച്ഛേ ദിന്‍’. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അത് ഇന്ത്യയ്ക്ക് നല്ല കാലമെന്നായിരുന്നു ആ സമയത്തെ വാഗ്ദാനം. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ‘അച്ഛേ ദിന്‍’ എവിടെ എന്ന് ചോദിക്കുകയാണ് എല്ലാവരും. മോദിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ പരാജയമെന്ന് വ്യക്തമാക്കിയുള്ള അന്താരഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിച്ചില്‍, തൊഴിലില്ലായ്മ തുടങ്ങിയവ ജനജീവിതം ദുസ്സഹമാക്കുന്നതിനിടയില്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ് വ്യവസ്ഥ തകിടം മറിച്ചുവെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടായിട്ടും രൂപയുടെ മൂല്യം താഴുന്നതും ഇന്ധനവിലയില്‍ ദിനംപ്രതിയുണ്ടാകുന്ന വര്‍ധനവും ഇന്ത്യയില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്നു.

മോദി സര്‍ക്കാരിനെതിരെ രാജവ്യാപകമായാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. ജനങ്ങള്‍ ഭരണത്തില്‍ സംതൃപ്തരല്ലെന്ന് മാത്രമല്ല അസ്വസ്ഥരുമാണ്. 132 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇപ്പോഴത്തെ ഭരണ തകര്‍ച്ച ബിജെപിയെയും മോദിയെയും അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top