മുംബൈ: വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ച് കാര്യമായ കേടുപാട് സംഭവിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം പറന്നു. ഭാഗ്യം കൊണ്ട് അപകടമൊന്നും സംഭവച്ചില്ല. മതില്‍ തട്ടിയ ശേഷം മൂന്ന് മണിക്കൂറോളമാണ് വിമാനം പറന്നത്. അതിജീവിച്ചത് ഗുരുതരമായ അപകട അവസ്ഥയെയാണ്.
ട്രിച്ചി വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മതിലിടിച്ചു തകര്‍ത്ത വിമാനം തുടര്‍ന്നും പറപ്പിച്ച പൈലറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് സംവിധാനങ്ങളെല്ലാം സ്വാഭാവികമാണ് എന്നും വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളില്ല എന്നുമായിരുന്നു. എന്നിട്ടും സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രം വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു. ചൈന്നൈയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമായിരുന്നു അത്.
മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം പരിശോധിച്ചപ്പോള്‍ മാത്രമാണ് വിമാനത്തിന് കാര്യമായ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ കഷണങ്ങളായി വിട്ടുപോയിരുന്നു. വിമാനം ഇനി ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയ അവസ്ഥയിലായിരുന്നു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.20 ഓടെയായിരുന്നു ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനം അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 5.35 ഓടെ മുംബൈയില്‍ ഇറക്കുകയായിരുന്നു. ഗുരുതരുമായ തകരാറുകള്‍ സംഭവിച്ച വിമാനത്തിന്റെ ആന്റിന ട്രിച്ചി വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന് വിമാനം പരിശോധിച്ച വിദഗ്ധര്‍ വിലയിരുത്തി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.