കരിപ്പൂരിലെ ദുരന്ത കാഴ്ചകൾ ചങ്കുപിളർക്കുന്നത് ! വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം

കോഴിക്കോട്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 18 പേർ മരിച്ചു.റൺവേയും കഴിഞ്ഞ് 35 അടി ചെരുവിലേക്ക് ഓടിയിറങ്ങിയ വിമാനം രണ്ടായി പിളർന്ന് മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

കരിപ്പൂര്‍ വിമാനാദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം വീതം അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം വീതവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തില്‍ ദുഃഖമറിയിച്ച വ്യോമനയാനമന്ത്രി എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും പറഞ്ഞു. കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക. അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അപകട കാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ ആക്കം കുറച്ചെന്നും വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടവും കൃതമായി ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ താന്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയാണെന്നും വളരെ പരിചയസമ്പന്നനായ പൈലറ്റാണ് വിമാനം പറത്തിയെതന്നും മന്ത്രി കൂട്ടിചേര്‍ത്തു

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബെഹ്‌റ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത തുടങ്ങിയവരും സംഭവസ്ഥലത്തെത്തി.

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ വിമാനത്തിലെ ജീവനക്കാരാണ്. മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി പി (24), ആയിഷ ദുഅ(രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍(61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

Top