നാട്ടിലേക്കെത്തുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍ യാത്രാനിരക്ക് ഇരട്ടിയാക്കി; കൊടും ചൂഷണത്തിനെതിരെ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

കൊച്ചി: പതിവുപോലെ ഇത്തവണയും നാട്ടിലേയ്‌ക്കെത്തുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. എല്ലാ തവണയും വിമാന കമ്പനികളുടെ കഴുത്തറപ്പന്‍ നിരക്കിനെതിരെ പ്രതിഷേധമുയരുമെങ്കിലും തുടര്‍ നടപിടകളൊന്നും ഉണ്ടാകില്ല. അത് കൊണ്ട് തന്നെ എല്ലാ അവധിക്കും പ്രവാസി കുടുംബങ്ങളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ ചൂഷണം തുടരുകയാണ്.

കാത്തിരുന്ന വിഷുക്കാലവും അവധിക്കാലവും നാട്ടില്‍ ചിലവഴിക്കാന്‍ പുറപ്പെടുന്ന പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ നാലിരട്ടിയാണ് എയര്‍ ഇന്ത്യ ഇത്തവണ ടിക്കറ്റ് വര്‍ധിപ്പിച്ചത്. എല്ലാ ഉത്സവ സീസണുകളിലും സമാനമായ നടപടി ഉണ്ടാകുമ്പോഴും സംസ്ഥാന സര്‍ക്കാറും പ്രവാസി സംഘടനകളും അടക്കം വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താറുണ്ടെങ്കിലും അനുകൂല നടപടികള്‍ ഉണ്ടാവാറില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് അവസാനത്തോടെയാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയത്. നിരക്ക് വര്‍ധന മെയ് അവസാനം വരെ തുടരും. ടിക്കറ്റ് ചാര്‍ജിന് പുറമെ യാത്രക്കാര്‍ക്കുണ്ടായിരുന്ന മറ്റ് ഇളവുകളും വിമാന കമ്പനികള്‍ പിന്‍വലിച്ചിട്ടുണ്ട്. കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് 5000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

എന്നാല്‍ അവധിക്കാലമെത്തിയതോടെ 20,000 രൂപ മുതലാണ് വിമാനടിക്കറ്റ്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും ഇതുപോലെ വര്‍ധനവുണ്ട്. ചെലവു കുറഞ്ഞ വിമാന സര്‍വീസെന്ന് അവകാശപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പോലും ദുബൈയിലേക്ക് 21,000 രൂപയാണ് നിരക്ക്. ഇത് പ്രവാസി മലയാളികള്‍ക്കാണ് തിരിച്ചടിയാവുന്നത്.

ഷാര്‍ജ, അബൂദാബി എന്നിവിടങ്ങളിലേക്ക് 5,500 രൂപയുണ്ടായിരുന്നത് പതിനായിരത്തിന് മുകളിലാണിപ്പോള്‍ ഈടാക്കുന്നത്. സഊദിയിലേക്ക് പതിനായിരത്തിന് മുകളിലും ദോഹയിലേക്ക് 7000 രൂപയുമാണ് അധികമായി വര്‍ധിച്ചത്. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈത്തിലേക്കുമെല്ലാം വന്‍ വര്‍ധനവാണ് അടിച്ചേല്‍പ്പിക്കുന്നത്.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന സഊദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ നിരക്ക്വര്‍ധനവും.

 

Top