ഇടതുമുന്നണി 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടും; യുഎഡിഎഫിന് 55 സീറ്റ് മാത്രം; ബിജെപി അഞ്ച് സീറ്റ് വരെ നേടുമെന്നും ഏഷ്യനെറ്റ് സര്‍വ്വേ; കോണ്‍ഗ്രസ് ഭരണത്തിന് തിരച്ചടിയാകും തിരഞ്ഞെടുപ്പെന്ന് വിലയിരുത്തല്‍

 

തിരുവനന്തപുരം: അടുത്ത ഭരണം ഇടതുമുന്നണിക്കായിരിക്കുമെന്ന് ഏഷ്യനെറ്റ് സിഫോര്‍ സര്‍വ്വേ ഫലം. ഇന്ന് വൈകീട്ട് പുറത്ത് വിട്ട അഭിപ്രായ സര്‍വ്വേയിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് തുടര്‍ ഭരണം ഉണ്ടാവില്ലെന്ന് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. യുഎഡിഎഫിന് 55 മുതല്‍ 60 സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപി ചരിത്രത്തിലാദ്യമായി സീറ്റുകള്‍ നേടുമെന്നും ഏഷ്യനെറ്റ് പറയുന്നു. മൂന്നു മുതല്‍ അഞ്ച് സീറ്റ് വരെ നേടുമെന്നും സര്‍വ്വേ പറയുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ രംഗത്തിറങ്ങണമെന്ന് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായി ഏഷ്യനെറ്റ് സര്‍വ്വേയില്‍ പറയുന്നു.
കക്ഷി രാഷ്ട്രീയം മറന്നാണ് വിഎസ് മുഖ്യമന്ത്രിയാകണമെന്ന് 73 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു രാഷ്രീയ നേതാവിനും ഇല്ലാത്ത പിന്തുണയാണ് വിവിധ പ്രായത്തിലുള്ളവര്‍ സര്‍വ്വേയില്‍ നല്‍കിയിരിക്കുന്നത് . വിഎസ് വീണ്ടും മത്സരിക്കുമോ എന്ന ആശകുഴപ്പം നിലനില്‍ക്കുമ്പോഴാണ് വിഎസ് മത്സരിക്കണമെന്ന ജനകീയാഭിപ്രായം പുറത്ത് വരുന്നത്. സോളാര്‍ കേസും ബാര്‍കോഴ അഴിമതി കേസും സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയതായി സര്‍വ്വേയില്‍ പങ്കെത്തവര്‍ അഭിപ്രായപ്പെട്ടതായി ചാനല്‍ വ്യക്തമാക്കുന്നു.
ഈ മാസം ഒന്നു മുതല്‍ 12 വരെ, അതായത് കഴിഞ്ഞ വെള്ളിയാഴ്ച വരെയാണ് സീഫോര്‍, ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സര്‍വേ നടത്തിയത്.70 നിയമസഭാ മണ്ഡലങ്ങളാണ് സര്‍വേക്കായി തെരഞ്ഞെടുത്തത്. 15,778 വോട്ടര്‍മാരെ നേരിട്ട് കണ്ട് അഭിപ്രായം തേടി. 568 ഗ്രാമങ്ങളിലും 146 നഗരങ്ങളിലുമായിരുന്നു സര്‍വെ. സീഫോറിന്റെ പ്രത്യേക സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയായിരുന്നു വിവരങ്ങള്‍ വിശകലനം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top