നോട്ട് നിരോധനത്തിന് ശേഷം 8300 കോടി ഒഴുകി!! എത്തിയത് അജിത് ഡോവലിന്റെ മകന്റെ കമ്പനിയില്‍; വന്നത് കോമാന്‍ ദ്വീപില്‍നിന്നും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ വീണ്ടും ഗരുതരമായ ആരോപണം. നരേന്ദ്രമോദിയുടെ വലംകൈയായി നിന്ന് ഡോവല്‍ വന്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയെന്ന് ആരോപണം ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ ഡോവലിന്റെ മകന്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപമാണ് വന്നത്.

അജിത് ഡോവലിന്റെ ഇളയ മകന്‍ വിവേക് ഡോവല്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ആക്ഷേപം ഉയരുന്നത്. പ്രധാനകള്ളപ്പണ കേന്ദ്രമായ കേമാന്‍ ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന വിവേക് ഡോവലിന്റെ ‘ജിഎന്‍വൈ ഏഷ്യ’ എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി 2016 നവംബര്‍ എട്ടിന് കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തി 13 ദിവസങ്ങള്‍ക്കകമാണ് വിവേക് ഡോവല്‍ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന് തുടക്കമിട്ടത്. ഈ സ്ഥാപനത്തിലൂടെ കോടിക്കണക്കിന് രൂപ നേരിട്ടുള്ള വിദേശ നിക്ഷേപത്തി(എഫ്ഡിഐ) ന്റെ രൂപത്തില്‍ ഇന്ത്യയിലേക്ക് ഒഴുകി. 2000 മുതല്‍ 2017 വരെ കേമാന്‍ ദ്വീപില്‍ നിന്നുള്ള എഫ്ഡിഐയുടെ വരവ് 8300 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ കറന്‍സി പിന്‍വലിക്കലിന് ശേഷമുള്ള ഒരൊറ്റ വര്‍ഷം മാത്രമായി എണ്ണായിരം കോടിയിലേറെ രൂപ എത്തി.

നേട്ട് നിരോധനത്തിന് ശേഷം സമാഹരിച്ച വന്‍തോതിലുള്ള കള്ളപ്പണം കേമാന്‍ ദ്വീപിലൂടെ എഫ്ഡിഐയായി തിരികെ ഒഴുക്കിയതായാണ് വിലയിരുത്തല്‍. കേമാന്‍ ദ്വീപ് വഴി എത്തിയ എഫ്ഡിഐയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. 2011 ല്‍ അജിത്ത് ഡോവല്‍ ഉള്‍പ്പെടുന്ന സംഘം ബിജെപിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേമാന്‍ ദ്വീപ് അടക്കമുള്ളവ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളായാണ് വിലയിരുത്തുന്നത്.

വ്യക്തികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് റിയല്‍ എസ്റ്റേറ്റ്, ഓഹരി, സ്വര്‍ണം തുടങ്ങി വിവിധ സ്വത്തുക്കളില്‍ നിക്ഷേപിക്കുന്ന സ്ഥാപനമാണ് ഹെഡ്ജ് ഫണ്ട്. ബ്രിട്ടീഷ് പൗരത്വം നേടിയ വിജയ് ഡോവല്‍ സിംഗപ്പുരിലാണ് താമസം. ഡോവലിന് പുറമെ ഗള്‍ഫ് പ്രമുഖനായ മുഹമദ് അല്‍ത്താഫ് മുസലിയാം, ഡോണ്‍ ഡബ്ല്യു ഇബാങ്ക്സ് എന്നിവരും ജിഎന്‍വൈ ഏഷ്യയുടെ ഡയറക്ടര്‍മാരാണ്. ഇതില്‍ ഇബാങ്ക്സ് ലോകത്തെ കള്ളപ്പണം നിക്ഷേപം വിശദമാക്കിയുള്ള പാനമ പേപ്പറുകളിലും മറ്റും പേരുള്‍പ്പെട്ട വ്യക്തിയാണ്.

അജിത്ത് ഡോവലിന്റെ മൂത്ത മകനും ബിജെപി നേതാവുമായ ശൗര്യ ഡോവലിന്റെ ബിസിനസ് സ്ഥാപനങ്ങളും വിജയ് ഡോവലിന്റെ ജിഎന്‍വൈ ഏഷ്യ എന്ന സ്ഥാപനവും തമ്മില്‍ ബന്ധം ഉള്ളതായും തെളിഞ്ഞിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് രാം മാധവും മറ്റും നേതൃത്വം നല്‍കുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന എന്‍ജി സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് അജിത്ത് ഡോവലാണ്. അടുത്തയിടെ ബിജെപിയുടെ ഉത്തരാഖണ്ഡ് നിര്‍വാഹക സമിതി യോഗത്തില്‍ അജിത്ത് ഡോവല്‍ പങ്കെടുത്തിരുന്നു. വിജയ് ഡോവലിന്റെ കേമാന്‍ ദ്വീപ് ബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു.

Top