പ്രളയ ദുരന്തം: ഉഴലുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഉഗ്രന്‍ പാര; യുഎന്‍ അടക്കമുള്ള ആഗോള സംഘടനകളുടെ പണം വേണ്ടെന്ന് മോദി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തിന് പാരപണിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന സഹായധനം മുടക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളത്തിന് ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള ഏജന്‍സികളുടെ സഹായം വേണ്ടെന്ന കേന്ദ്രതീരുമാനമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ ലോക രാജ്യങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായം ആവശ്യമായിരിക്കെയാണ് ഇതിനൊക്കെ പാരപണിയുന്ന രീതിയില്‍ കേന്ദ്രം തീരുമാനം എടുത്തിരിക്കുന്നത്.

കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തനിവാരണ അഥോറിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്നും ഇവ നടപ്പാക്കാന്‍ വേണ്ട പിന്തുണ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തില്‍ അതായത് പുനര്‍നിര്‍മ്മാണം നടത്തുന്ന സന്ദര്‍ഭത്തില്‍ ആഗോളഏജന്‍സികളുടെ സഹായം വേണമെങ്കില്‍ അതാവാം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. കേരളത്തില്‍ നടപ്പാക്കേണ്ട എന്തെങ്കിലും പദ്ധതി മാതൃകകള്‍ ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാം എന്നും സര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. ഐക്യരാഷ്ട്രസഭയടക്കം ഏത് ആഗോള ഏജന്‍സികള്‍ക്കും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

അതേസമയം കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസര്‍ക്കാര് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെടും.

നിരവധി വീടുകള്‍ പുനര്‍നിര്‍മ്മാണം നടത്തേണ്ടതുണ്ട്. റോഡുകള്‍ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവില്‍ 10 ലക്ഷത്തി ഇരുപത്തിയെട്ടായരത്തി എഴുപത്തി മൂന്ന് പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. വിദേശത്തു നിന്നടക്കം പലയിടത്തുനിന്നും സഹായങ്ങള്‍ എത്തുന്നതിനിടയിലും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ സഹായമടക്കമുള്ള കാര്യങ്ങളും കേന്ദ്രത്തിന്റെ പരിഗണനയിലേക്കെത്തുന്നത്.

അതിനിടെ കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അറിയിച്ചിരുന്നു.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മേധാവി എം.എ യൂസുഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഓഫ് യു.എ.ഇ ആംഡ് ഫോഴ്‌സസുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് എന്തു സഹായത്തിനും യു.എ.ഇ സര്‍ക്കാര്‍ ഒരുക്കമാണെന്ന് കാബിനറ്റ്-ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി കഴിഞ്ഞദിവസം അറിയിച്ചതായി എം.എ യൂസുഫലി വ്യക്തമാക്കിയിരുന്നു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം രൂപവത്കരിച്ച സമിതി കര്‍മ്മപദ്ധതികള്‍ തയാറാക്കുന്നുണ്ട്. യു.എ.ഇ പ്രസിഡന്റിന്റെ നാമധേയത്തിലുള്ള ഖലീഫ ഫണ്ടില്‍ കേരളത്തിനായുള്ള ധനസമാഹരണം ഏറെ പ്രതീക്ഷാപൂര്‍ണമായി മുന്നേറുന്നുണ്ട്. ഫണ്ട് സമാഹരണം പൂര്‍ത്തിയായ ശേഷം കേന്ദ്രസര്‍ക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈമാറാനാണ് നീക്കം.

Top