ആർകെ നഗറിൽ ഇനിയാര്: ശശികലയും തല അജിത്തും പട്ടികയിൽ; ജയിക്കുന്നയാൾ മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തോടെ ഒഴിവുവന്ന ആർ.കെ നഗർ നിയോജക മണ്ഡലത്തിൽ ആറു മാസത്തിനകം തന്നെ തിരഞ്ഞെടുപ്പു നടക്കുമെന്നു എഐഎഡിഎംകെ വൃത്തങ്ങൾ സൂചന നൽകി. പാർട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുക്കുന്ന ജയലളിതയുടെ തോഴി ശശികലയോ, സൂപ്പർതാരം തല അജിത്തോ ആയിരിക്കും ആർ.കെ നഗറിൽ നിന്നു മത്സരിക്കുക എന്ന സൂചനയാണ് ലഭിക്കുന്നത്. വിജയിക്കുന്നവർ തമിഴ്‌നാട് മുഖ്യമന്ത്രിയാകും എന്നുറപ്പായതോടെ ആർ.കെ നഗറിലെ തിരഞ്ഞെടുപ്പു ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിർണായകമാകും.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടമായ ജയലളിത മടങ്ങിവരവിലാണ് ആർ.കെ നഗറിനെ സ്വന്തം നിയോജക മണ്ഡലമാക്കി മാറ്റിയത്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി സി.മഹേന്ദ്രൻമാത്രമാണ് ജയയ്‌ക്കെതിരെ നാമനിർദേശ പത്രിക നൽകാൻ പോലും രംഗത്ത് എത്തിയത്. അന്ന് 88.43 ശതമാനം വോട്ട് നേടിയാണ് ജയലളിത നിയമസഭയിൽ എത്തിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും ആർകെ നഗർ തന്നെയായിരുന്നു ജയലളിതയുടെ ഇഷ്ട മണ്ഡലം. ഇവിടെ മത്സരിച്ചപ്പോൾ പോൾ ചെയ്തതിൽ 55.87 ശതമാനം വോട്ടും ജയലളിതയ്ക്കു തന്നെയായിരുന്നു.
ഇപ്പോൾ അകാലത്തിൽ ജയലളിത മരിച്ചതോടെയാണ് പുതിയ സ്ഥാനാർഥി ആരാണെന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ എഐഎഡിഎംകെ നേതൃത്വത്തിൽ ഉയരുന്നത്. ജയലളിതയുടെ ഉറ്റതോഴി ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ഇവരുമായി അടുത്ത വൃത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറിയാക്കിയ ശേഷം ആർകെ നഗറിൽ നിന്നും ശശികലയെ മത്സരിപ്പിച്ചു നിയമസഭയിൽ എത്തിക്കുന്നതിനാണ് നീക്കം നടക്കുന്നത്. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയ്‌ക്കൊപ്പം ശശികലയും ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ അനുകൂല വിധി വന്നില്ലെങ്കിൽ ശശികലയ്ക്കു തിരഞ്ഞെടുപ്പിൽ വീണ്ടും അയോഗ്യതയുണ്ടാകും.
ഈ സാഹചര്യത്തിലാണ് ശശികലയ്ക്കു പകരം മറ്റൊരാളെ പരിഗണിക്കുന്നത്. തമിഴ്‌സൂപ്പർ താരം തല അജിത്തിന്റെ പേരാണ് ഇപ്പോൾ അണിയറയിൽ ഉയർന്നു കേൾക്കുന്നത്. മുഖ്യമന്ത്രി പനീർസെൽവത്തിന്റെ അടുപ്പക്കാരനായ തല അജിത്, ജയലളിതയുടെ മരണത്തെ തുടർന്നു ബൾഗേറിയയിലെ ഷൂട്ടിങ്ങ് അവസാനിപ്പിച്ച് തമിഴ്‌നാട്ടിലേയ്ക്കു മടങ്ങിയെത്തിയതാണ് വാർത്തകൾക്കു ബലം പകരുന്നത്. ജയലളിതയുടെ ശവകുടീരത്തിൽ എത്തിയ അജിത്തും ഭാര്യ ശാലിനിയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. ശശികല പാർട്ടി നേതൃത്വത്തിലേയ്ക്കു മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കും ഉയർന്നുവരുന്നതിൽ താല്പര്യമില്ലാത്ത പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണ് ഇപ്പോൾ അജിത്തിനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top