ശശീന്ദ്രനുണ്ടെങ്കില്‍ നിയമസഭ തടസ്സപ്പെടുത്തും’; ഭീഷണിയുമായി യുവമോര്‍ച്ച.പീഡനക്കേസ് ഒതുക്കിയ സംഭവം: വിവാദങ്ങൾ ഗൗരവകരമായി എടുക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

കൊച്ചി: മന്ത്രി എ കെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. മന്ത്രി നിയമസഭയിലുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസ്സപ്പെടുത്തുമെന്നും സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മന്ത്രി രാജി വെച്ചില്ലെങ്കില്‍ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.

കുണ്ടറ പീഡനപരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എ കെ ശശീന്ദ്രന്‍ രാജിവെച്ച് പുറത്തുപോകണമെന്നും യുവമോര്‍ച്ചാ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

‘കേസില്‍ ഗുരുതരമായ ഈടപെടലാണ് എ കെ ശശീന്ദ്രന്‍ നടത്തിയിരിക്കുന്നത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിയാണ് പീഡനവിവരം മറിച്ചുവെച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ശശീന്ദ്രന്‍ പറയുന്നത് കള്ളമാണ്’, പ്രഫുല്‍ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതല്‍ പരാതിക്കാരിയായ പെണ്‍കുട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമയും പെണ്‍കുട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രികൂടിയിടപ്പെട്ടാണ് കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടായതെന്നും പ്രഫുല്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം. ഇതുസംബന്ധിച്ച് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചു. വിവാദങ്ങൾ ഗൗരവകരമായി എടുക്കേണ്ടെന്ന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.

സംഭവത്തിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്തുവന്നതിന് പിന്നാലെയാണ് പി.സി ചാക്കോ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയത്. ശശീന്ദ്രനെ ന്യായീകരിച്ചും പി.സി ചാക്കോ എത്തിയിരുന്നു. കേരളത്തിലെ മുൻ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒന്നിലേറെ സ്ത്രീകളാണ് പരസ്യ നിലപാടുകളെടുത്ത് മുന്നോട്ടു വന്നത്. അന്നിവിടെയാരും രാജിവെച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല. അത് ശശീന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയാൽ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവർ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാമെന്നും പി.സി. ചാക്കോ പറഞ്ഞിരുന്നു.

അതേസമയം മന്ത്രിയ്‌ക്കെതിരെ കേസെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സ്ത്രീ പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാൽ കുറ്റകൃത്യമുണ്ടായെന്ന് കുരുതാനാവില്ലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.

Top