കുണ്ടറ പീഡന പരാതി പൊലീസിനെതിരായ ആരോപണങ്ങളിൽ ഡിജിപി റിപ്പോർട്ട് തേടി.ശശീന്ദ്രന് പിന്തുണയുമായി ചാക്കോ

കൊല്ലം: കുണ്ടറയിൽ യുവതിയുടെ പീഡന പരാതിയിൽ പൊലീസിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി അനിൽകാന്ത് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എ കെ ശശീന്ദ്രൻ ഇടപെടലോടെ വലിയ വിവാദമായതോടെയാണ് ഡിജിപി റിപ്പോർട്ട് തേടിയത്.

യുവതിയുടെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പണമിടപാട് സംബന്ധിച്ച വിഷയത്തിലാണ് എകെ ശശീന്ദ്രന്‍ ഇടപെട്ടതെന്നും പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ ഒരിടത്ത് പോലും സ്ത്രീപീഡന വിഷയമാണെന്ന് ശശീന്ദ്രന്‍ പറയുന്നില്ലെന്നുമാണ് പിസി ചാക്കോയുടെ വിശദീകരണം. ഇനിയുള്ള നടപടികള്‍ സംസ്ഥാന കമ്മീഷന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മന്ത്രി എ കെ ശശീന്ദ്രൻ ഇടപെടൽ വിവാദമായതിന് പിന്നാലെ യുവതിയുടെ പീഡന പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഐപിസി 354 ജാമ്യമില്ലാ വകുപ്പാണ്. ഈ പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. പരാതിയില്‍ ഇന്നലെ പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കൈയി കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിൽ വ്യാജ ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് ഒഴിവാക്കി വിടുവാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.

ഇതിനിടെ ഇന്നലെയാണ് യുവതിയുടെ അച്ഛനെ മന്ത്രി ശശീന്ദ്രന്‍ വിളിച്ച് സംസാരിക്കുന്ന ഫോൺവിളിയുടെ ശബ്ദരേഖ പുറത്തുവന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാൽ പീഡന പരാതിയാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Top