തോമസ് ചാണ്ടി സര്‍ക്കാരിന്റെ അന്തസുയര്‍ത്തുമെന്ന് എകെ ശശീന്ദ്രന്‍;ഇത് ആഹ്ലാദകരമായ തീരുമാനം

കോഴിക്കോട്:അടുത്ത മന്ത്രിയായി തോമസ് ചാണ്ടിയെ പാര്‍ട്ടി യോഗത്തില്‍ താനാണ് പേര് നിര്‍ദേശിച്ചതെന്നും തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്‌യുമെന്നത് ആഹ്ലാദകരമായ തീരുമാനമെന്നും രാജിവെച്ച എകെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. പാര്‍ട്ടിയുടെയും മുന്നണിയുടെയും യശസുയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി തോമസ് ചാണ്ടി മുന്നോട്ടുപോകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്താനും മുന്‍മന്ത്രി തയ്യാറായി. പൊതുമാധ്യമലോകത്തിന്റെ താക്കീതാണ് മംഗളത്തിന്റെ തിരുത്തലിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ പാര്‍ട്ടിയുടെ മന്ത്രിയാണ് തോമസ് ചാണ്ടി. തന്റെയും എല്ലാവരുടെയും മന്ത്രിയാണ് അദ്ദേഹം. ഇത് ആഹ്ലാദകരമായ തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കും. മുന്‍ഗാമി എന്ന നിലയില്‍ പിന്തുണ നല്‍കും. വ്യക്തിയെന്ന നിലയിലും പാര്‍ട്ടിയെന്ന നിലയിലും ഈ പിന്തുണയുണ്ടാകും. പാര്‍ട്ടി തീരുമാനപ്രകാരമാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. പാര്‍ട്ടിയോഗത്തില്‍ അദ്ദേഹത്തിന്റെ പേര് താനാണ് നിര്‍ദേശിച്ചത്. പുതിയ സംഭവവികാസങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ അന്തസുയര്‍ത്തുന്ന കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനാല്‍ അക്കാര്യത്തെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുജീവിതത്തില്‍ തിരുത്തലുകള്‍ക്ക് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ ശരിയായിരുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൂണ്ടിക്കാട്ടാം. തന്നെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. തന്റെ പൊതുജീവിതത്തിലെ കാവല്‍ക്കാരായി എന്നും നില്‍ക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ കാഴ്ചാവലയത്തിലാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫ് യോഗതീരുമാനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയായി തോമസ് ചാണ്ടിയെ നിശ്ചയിച്ച എന്‍സിപി തീരുമാനം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നാളെ വൈകിട്ട് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എകെ ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം നടത്തി, കുറ്റവിമുക്തമായ ശേഷം ശശീന്ദ്രന്‍ തിരിച്ചെത്തട്ടെ എന്നാണ് പൊതുവേ ഉയര്‍ന്ന അഭിപ്രായം. എന്‍സിപി കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും ഈ തീരുമാനമാണ് മുന്നോട്ടുവെച്ചത്. ഇത് എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നാളെയാകും പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.
ഘടകകക്ഷി മന്ത്രിയെ ആ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നാണ് സിപിഐഎം നിലപാട് വ്യക്തമാക്കിയത്. എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിയായി തോമസ് ചാണ്ടി തീരുമാനിച്ചുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പ്രഖ്യാപിച്ചു. യോഗം ഇത് അംഗീകരിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പിന്‍വലിക്കരുതെന്ന വികാരവും യോഗത്തിലുയര്‍ന്നു. എന്നാലും, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു അന്വേഷണം പെട്ടന്ന് പിന്‍വലിക്കുന്നത് ശരിയായ സന്ദേശമല്ലെന്ന പൊതുവികാരം ഉയര്‍ന്നു. ഇതോടെ ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ അന്വേഷണങ്ങളും സമാന്തരമായി പുരോഗമിക്കും.സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എകെ ശശീന്ദ്രന്‍ രാജിവെച്ചത്. എന്നാല്‍ മന്ത്രിയെ കുടുക്കുകയായിരുന്നുവെന്ന് ചാനല്‍ തന്നെ ഇന്നലെ സമ്മതിക്കുകയുണ്ടായി. ഇതോടെ ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന മുന്‍തീരുമാനത്തില്‍ എന്‍സിപി ഉറച്ചുനില്‍ക്കുകയായിരുന്നു

Top