ബംഗളൂരു: ബാഗ്ലൂർ കലാപത്തിലെ നാശനഷ്ടങ്ങളുടെ പട്ടികയില്‍ ഒരു ദളിത് എംഎല്‍എയുടെ വീട് കൂടി. പുലികേശിനഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ അഖണ്ഡ ശ്രീനിവാസിന്റെ 50 വര്‍ഷം പഴക്കമുള്ള വീടാണ് കലാപകാരികള്‍ തകര്‍ത്തത്. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും ഏറ്റവും കൂടുതലുള്ള പുലികേശിനഗര്‍ മണ്ഡലത്തില്‍ നിന്ന് നാല് തവണയാണ് ശ്രീനിവാസ് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വിജയങ്ങളൊക്കെത്തന്നെയും വലിയ ഭൂരിപക്ഷത്തിലായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനസമ്മിതിയാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ആസൂത്രിതമായ കലാപത്തില്‍ അഖണ്ഡ ശ്രീനിവാസിന്റെ വീടും മതതീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു.
‘3,000 മുതല്‍ 4,000 വരെ അംഗബലമുള്ള കലാപകാരികളുടെ സംഘമാണ് എന്റെ വീട് ആക്രമിച്ചത്. പെട്രോള്‍ ഒഴിച്ചും ടയറുകള്‍ കത്തിച്ചുമാണ് അക്രമികള്‍ എന്റെ വീട് അഗ്നിക്കിരയാക്കിയത്. വാളുകളും വടികളും കോടാലികളുമായി എത്തിയ അക്രമികള്‍ എന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബുകള്‍ എറിയുകയും ചെയ്തു. മുസ്ലീംങ്ങളെ എന്നും സഹോദരന്‍മാരായി മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ’. അഖണ്ഡ ശ്രീനിവാസ് പറഞ്ഞു.
തന്റെ കുടുംബത്തോടൊപ്പം 50 വര്‍ഷമായി ജീവിച്ചുപോന്നിരുന്ന വീടാണ് കലാപകാരികള്‍ അഗ്നിക്കിരയാക്കിയതെന്ന് അഖണ്ഡ ശ്രീനിവാസ് പറഞ്ഞു. 9 കുട്ടികളടങ്ങുന്ന കൂട്ടുകുടുംബത്തോടൊപ്പം ജനിച്ചു വളര്‍ന്ന വീടാണ് ശ്രീനിവാസിന് നഷ്ടപ്പെട്ടത്. ഇതോടൊപ്പം സമീപത്തുള്ള സഹോദരന്റെ വീടും കലാപകാരികള്‍ ആക്രമിച്ചതായി അദ്ദേഹം പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്.
ഡല്‍ഹിയിലുണ്ടായ കലാപത്തിനു പിന്നാലെ ഓഗസ്റ്റ് 11ന് രാജ്യം വീണ്ടുമൊരു കലാപത്തിന് കൂടി സാക്ഷിയായിരിക്കുന്നു . അന്ന് പൗരത്വ നിയമ ഭേദഗതിയെ മറയാക്കി മതതീവ്രാദികള്‍ രാജ്യതലസ്ഥാനത്താണ് കലാപം അഴിച്ചുവിട്ടതെങ്കില്‍ ഇപ്പോള്‍ ബംഗളൂരുവിലാണ് ആസൂത്രിത കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരിക്കുന്നു