ബികോം തോറ്റ നേതാവിന് എംകോം പ്രവേശനം; ആലപ്പുഴ എസ്എഫ്‌ഐയില്‍ വ്യാജ ഡിഗ്രി വിവാദം, സിപിഎം നടപടി എടുത്തു

ആലപ്പുഴ: വ്യാജഡിഗ്രി വിവാദത്തില്‍ ആലപ്പുഴ എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെ സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു. എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന സിപിഎം ഫ്രാക്ഷന്‍ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കാന്‍ നിര്‍ദേശം നല്‍കി.

നിലവില്‍ കായംകുളം എംഎസ്എം കോളജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയാണ് നിഖില്‍. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാന്‍ എസ്എഫ്‌ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ല്‍ കായംകുളം എംഎസ്എം കോളേജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ഡിഗ്രി തോറ്റ നിഖില്‍ പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജില്‍ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് മാസം മുന്‍പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്. പരാതിക്കാരി എംഎസ്എം കോളേജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമാണ്. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇപ്പോള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ ഇന്നലെ ചേര്‍ന്ന സിപിഎം ഫ്രാക്ഷന്‍ നിഖിലിനെ വിളിച്ചു വരുത്തി പരാതി ചര്‍ച്ച ചെയ്തത്. യഥാര്‍ത്ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിഖിലിനോട് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖില്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്.

Top