ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എ.ഡി.ജി.പി വിജയ് സാഖറെ. കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്ത് വധക്കേസിൽ 12 പേരാണ് പങ്കാളികളായിട്ടുള്ളത്. ഒളിവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ താവളങ്ങൾ പലരും ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇവർ മൊബൈൽ ഫോൺ ഒഴിവാക്കി സഞ്ചരിക്കുന്നത്. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. ക്കാരെയും എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബി.ജെ.പി. പ്രവർത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവരും കൊലപാതകസംഘത്തിനു സഹായം ചെയ്തവരുമാണിത്. കൃത്യം നടത്തിയവരെക്കുറിച്ചുള്ള ഏകദേശ ധാരണ പോലീസിനു ലഭിച്ചിട്ടുണ്ട്.