പാലക്കാട്: പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. നഗരസഭാ മേഖലയിൽ പോളിങ് കൂടിയത് നേട്ടമാകുമെന്ന് ബിജെപിയും കരുതുന്നു. എൽഡിഎഫും മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ്.
അതേസമയം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം കഴിഞ്ഞ പിന്നാലെ പ്രവചനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാലക്കാട് ഇത്തവണ എന്‍ഡിഎ ജയിക്കുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പിന്തുണച്ചും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചും പരിഹാസത്തോടെയുമാണ് ഇതിന് താഴെയുള്ള കമന്റുകള്‍.
എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ വിജയിപ്പിക്കുക എന്ന ഇവിഎം ചിത്രം ഉള്‍പ്പെടുത്തിയുള്ള ബിജെപിയുടെ കാര്‍ഡ് പങ്കുവച്ചാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒന്നാം സ്ഥാനത്ത് എന്‍ഡിഎ എത്തുമെന്ന് മാത്രമല്ല, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതാണ് കടുത്ത ഭാഷയിലുള്ള കമന്റുകള്‍ക്ക് കാരണമായത്.
70.51 ശതമാനം പോളിങാണ് ഇത്തവണ നടന്നത്. അവസാന കണക്കുകൾ വരുമ്പോൾ ശതമാനത്തിൽ ചെറിയ മാറ്റം വന്നേക്കാം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങാണ് നടന്നത്. ആ കണക്കിനെ വെച്ച് നോക്കുമ്പോള്‍ മൂന്ന് ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
പാലക്കാട് നഗരസഭയില്‍ 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനം പോളിങ് കുറവാണ്. 70.90 ശതമാനം വോട്ടാണ് ഇക്കുറി നടന്നത്. 2021ല്‍ ഇത് 75.24 ശതമാനമായിരുന്നു. ബിജെപി ശക്തികേന്ദ്രമാണ് ഈ മേഖല. അതുകൊണ്ടുതന്നെ പോളിങ് കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകൾ എല്ലാം പെട്ടിയിലായിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ബിജെപി.