കോഴിക്കോട്:ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ യുവ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രമേശ് നമ്പിയത്തിനെതിരെയാണ് യുവതിയുടെ ആരോപണം. എംപിയുടെ ശുപാര്‍ശ കത്തിനായി സമീപിച്ചപ്പോള്‍ രമേശ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.യുവതിയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മാറാട് സ്വദേശിയായ സ്ത്രീയുടെ ഭര്‍ത്താവ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. കോഴിക്കോട്ടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ചികിത്സാ സഹായം ലഭിക്കുന്നതിനായി എംപിയുടെ ശുപാര്‍ശ കത്ത് ലഭിക്കാനാണ് ഇവര്‍ ഡിസിസി സെക്രട്ടറി രമേശ് നമ്പിയത്തിനെ സമീപിച്ചത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒറ്റയ്ക്ക് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടുവെന്ന് സ്ത്രീ പറയുന്നു. എന്നാല്‍ ഭര്‍ത്താവിനോടൊപ്പമാണ് ഇവര്‍ കോണ്‍ഗ്രസ് നേതാവിന്റെ ചാലപ്പുറത്തുള്ള ഓഫീസിലെത്തിയത്. ആശുപത്രിയില്‍ നിന്നു നല്‍കിയ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഭര്‍ത്താവിനെ പുറത്തേക്ക് അയച്ചശേഷം യുവതിയെ കയറി പിടിച്ചെന്നാണ് പരാതി. പേപ്പര്‍ മറന്നതിനാല്‍ ഫോട്ടോസ്റ്റാറ്റെടുക്കാതെ തിരിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കരച്ചിലാണ് കേട്ടത്.
ഓഫീസിനകത്തെ കിടക്കയുള്ള മറ്റൊരു മുറിയിലേക്ക് ഭാര്യയെ വലിച്ചിട്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട ഭര്‍ത്താവ് യുവതിയെ രക്ഷിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ അബോധാവസ്ഥയിലായ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ കൈയ്ക്കും കണ്ണിനും തലയ്ക്കും പരിക്കുണ്ട്.
അതേസമയം, തന്നെ ഓഫീസിലെത്തി മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമേശ് നമ്പിയത്ത് സ്ത്രീക്കും ഭര്‍ത്താവിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുത്തു.