ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങവെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ സ്വിസ് ദമ്പതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് രാത്രികള്‍ താമസിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി. ആശുപത്രിയില്‍ ദമ്പതികളെ സന്ദര്‍ശിച്ച് മടങ്ങിയ കേന്ദ്രടൂറിസം വകുപ്പ്മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ സുഖംപ്രാപിച്ചാല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐ.ടി.ഡി.സി ഹോട്ടലില്‍ സൗജന്യ താമസം ഒരുക്കാമെന്ന് കണ്ണന്താനം കത്തിലൂടെയാണ് അറിയിച്ചത്.ഈ ഫ്രീ ഓഫര്‍ ദമ്പതികള്‍ക്ക് ഏത് ദിവസം വേണമെങ്കിലും തിരഞ്ഞെടുക്കാം. ദമ്പതികളുടെ താമസത്തിനൊപ്പം ഭക്ഷണവും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ച അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
താജ്മഹലും ഫത്തേപൂര്‍ സിക്രിയും സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഒക്ടോബര്‍ 22നാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) സുഹൃത്തായ മാരി ഡ്രോക്‌സും(24) ക്രൂരമായി ആക്രമിക്കപ്പെട്ടത്. നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഇരുവരെയും ഒരുമണിക്കൂറുകളോളം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ദമ്പതിമാരോട് അശ്ലീല സംഭാഷണത്തിന് മുതിര്‍ന്ന സംഘം കുറച്ച് കഴിഞ്ഞപ്പോള്‍ ഇവരെ തടഞ്ഞു നിര്‍ത്തി അക്രമിക്കുന്നതിലേക്ക് കടന്നു. അടികൊണ്ട് താന്‍ തറയില്‍ വീണെങ്കിലും സംഘം ആക്രമണം തുടര്‍ന്നതായും ജെര്‍മി പറഞ്ഞു.ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ജെര്‍മിയുടെ കേള്‍വിശക്തി ഏതാണ്ട് നശിച്ച നിലയിലാണ്. ഇയാളുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും തലയോട്ടിക്ക് ക്ഷതമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ദമ്പതികള്‍ നിലപാടെടുത്തെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.