തെരഞ്ഞെടുപ്പില്‍ തോല്‍വിയടഞ്ഞിട്ടും പരാജയം സമ്മതിക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അവസാനം കടുംപിടിത്തം വിടുന്നു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ച് ട്രംപ് നല്‍കിയ നാല്‍പ്പതോളം കേസുകളാണ് വിവിധ കോടതികള്‍ തള്ളിയത്. എന്നിട്ടും വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അധികാര കൈമാറ്റത്തിന് തയ്യാറായിരിക്കുകയാണ് ട്രംപ്.
തോല്‍വി പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെങ്കിലും ‘ആവശ്യമായത് ചെയ്യാന്‍’ ട്രംപ് വൈറ്റ് ഹൗസ് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം ചെയ്തു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസ് ഒരുക്കുന്നതിനായി 64 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്തു.
മിഷിഗണിലും ഫലം എതിരാണെന്ന് കണ്ടതോടെയാണ് അര്‍ദ്ധമനസ്സോടെയാണെങ്കിലും ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായത്. ഇതുവരെ തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാരം വിട്ടുകൊടുക്കാനുള്ള ഒരു നീക്കവും നടത്തിയിരുന്നില്ല.
അതേസമയം, തോല്‍വി ഇതുവരെ സമ്മതിക്കാനും ട്രംപ് തയ്യാറായിട്ടില്ല. കേസുകള്‍ ശക്തമായി തന്നെ തുടരും. നല്ല പോരാട്ടം നടത്തും. വിജയിക്കുക തന്നെ ചെയ്യുമെന്നാണ് വിശ്വാസമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപിന്റെ പ്രഖ്യാപനത്തോടെ ബൈഡന് ഫണ്ടും ഓഫീസ് ഇടവും ജീവനക്കാരുടെ നിയമനവും സാധ്യമാകും. വിദേശകാര്യ, സുരക്ഷ വിഷയങ്ങളില്‍ ഏറ്റവും പരിചയ സമ്പന്നരായ വ്യക്തികളെ നേരത്തെ തന്നെ ബൈഡന്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.