പിണറായി സര്‍ക്കാരിന് ഇരുട്ടടിയായി പ്രളയത്തെക്കുറിച്ച് അന്വേഷിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ മിക്ക ജില്ലകളിലെയും ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കം മനുഷ്യനിര്‍മിതമാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഇന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകണമെന്നും അമിക്കസ് ക്യൂറി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പ്രളയമുണ്ടായതു സര്‍ക്കാരിന്റെ അപക്വമായ ഇടപെടല്‍ കൊണ്ടാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും ഇതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് അഭിഭാഷകന്‍ ജേക്കബ് പി. അലക്‌സിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്. പരാതികള്‍ പരിഗണിച്ചു വിശദമായ പഠനങ്ങള്‍ക്കുശേഷമാണ് ജേക്കബ് പി. അലക്‌സ് ഇന്നു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അപ്രതീക്ഷിതമായുണ്ടായ മഴയാണു പ്രളയ കാരണമെന്ന വാദത്തില്‍ വസ്തുതയില്ല. കേരളത്തില്‍ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങള്‍ തയാറായിട്ടില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവയൊന്നും കൃത്യമായ പരിശോധിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഡാമുകള്‍ തുറന്നു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല. ജനങ്ങള്‍ക്കു നല്‍കേണ്ട ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കാതെ ഡാമുകള്‍ കൂട്ടമായി തുറന്നുവിട്ടതാണു പ്രളയത്തിനിടയാക്കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജഡ്ജി അധ്യക്ഷനായ സ്വതന്ത്രകമ്മിറ്റി ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തണമെന്നാണു റിപ്പോര്‍ട്ടിലുള്ള പ്രധാന ശുപാര്‍ശ. കാലാവസ്ഥാ വിദഗ്ധര്‍, ഡാം മാനേജ്‌മെന്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ സമിതിലുണ്ടായിരിക്കണം. 2018ലുണ്ടായ പ്രളയത്തില്‍നിന്നു കേരളം പഠിക്കണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതായിരിക്കണം കോടതി നടപടി. വളരെ ഗൗരവമായി തന്നെ കോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രളയ ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദുരിതബാധിതര്‍ക്കു നേരിട്ടു സഹായധനം എത്തിക്കണം പ്രളയ ബാധിതര്‍ക്ക് വെള്ളം, വൈദ്യുതി, പാചക വാതകം എന്നിവ സൗജ്യമായി നല്‍കുന്നത് പരിഗണിക്കണം, നഷ്ടം കണക്കാക്കാന്‍ വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു ഇടക്കാല റിപ്പോര്‍ട്ട്.