മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തും.. ലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം.ജില്ല കേന്ദ്രീകരിച്ചുള്ള സമാഹരണത്തിന് മന്ത്രിമാര്‍ക്ക് ചുമതല

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ നീക്കം .ലോക കേരളസഭയുടെ വിദേശത്തുള്ള പ്രവാസികളിൽ നിന്നും പണം കണ്ടെത്താൻ ഇനി മന്ത്രിമാർ വിദേശത്ത് എത്തും .പ്രവാസികളില്‍ നിന്നുള്ള വിഭവസമാഹരണം നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തും. ലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഗള്‍ഫ് നാടുകളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം തന്നെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ധനശേഖരണം നടത്തും.പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ധനശേഖരണം നടത്തും.രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയായിരിക്കും ധനശേഖരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. ദുരിതാശ്വാസ തുക മന്ത്രിമാര്‍ നേരിട്ട് കൈപ്പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വീടുകളുടെയും കടകളുടെയും നാശനഷ്ടം ഡിജിറ്റലായി കണക്കെടുക്കും. ഇന്നലെ വരെ 1027 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തി. വിദ്യാലയങ്ങില്‍ നിന്നും സെപ്തംബര്‍ 11ന് ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വിശദരൂപം:

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തെക്കുറിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ദുരിതാശ്വാസം പുനരധിവാസം പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ആഹ്വാനമാണ് നിയമസഭ ഏകകണ്ഠമായി നല്‍കിയത്. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ പുനര്‍നിര്‍മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാണിക്കുന്നതുപോലെ അതിബൃഹത്തായ പുനരധിവാസ-പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് വിഭവ സമാഹരണം ഒരു വെല്ലുവിളിയാണ്. നാം ഒരുമിച്ചു നിന്നാല്‍ ഈ വെല്ലുവിളി തരണം ചെയ്യാനും വിജയകരമായി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

നിയമസഭാസമ്മേളനം കഴിഞ്ഞശേഷം ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിഭവസമാഹരണത്തിന്‍റെ ഭാഗമായി പ്രവാസി മലയാളികള്‍ ഏറെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാന്‍, ബഹ്റിന്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കുന്നതാണ്.

എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സപ്തംബര്‍ 3-ന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കാസര്‍ഗോഡ് – ഇ. ചന്ദ്രശേഖരന്‍
കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
മലപ്പുറം – കെ.ടി. ജലീല്‍
പാലക്കാട് – എ.കെ. ബാലന്‍
തൃശ്ശൂര്‍ – സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍
എറണാകുളം – എ.സി. മൊയ്തീന്‍ ( ഇ.പി ജയരാജൻ സഹായിക്കും)
ഇടുക്കി – എം.എം. മണി
കോട്ടയം – തോമസ് ഐസക്, കെ. രാജു
ആലപ്പുഴ – ജി. സുധാകരന്‍, തിലോത്തമന്‍
പത്തനംതിട്ട – മാത്യു ടി തോമസ്
കൊല്ലം – മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്തംബര്‍ 11-ന് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചു. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കിപ്പണിയുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആഹ്വാനത്തിന് ലോകമെങ്ങുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു എന്നത് നമുക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്. ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം 4.17 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത് എന്നതാണ്. രാജ്യത്തിനും ലോകത്തിനും മികച്ച മാതൃകകള്‍ സമ്മാനിച്ച കൊച്ചു സംസ്ഥാനമാണ് കേരളം. മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിന് മാതൃകയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതാണ്. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു.

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കുന്നതാണ്.

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.

പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു.

പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിന് തീരുമാനിച്ചു.

Top