യുവതിയുടെ പരാതി; അമിത് മിശ്രയെ അറസ്റ്റ് ചെയ്ത്

ബാംഗളൂരു: ഹോട്ടല്‍ മുറിയില്‍ വെച്ച് അപമാനിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യുവ ക്രിക്കറ്റ് താരം അമിത് മിശ്രയെ ബെംഗലൂരു പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അമിത് മിശ്രയെ അറസ്റ്റ് ചെയ്തത്.

അതേസമയം ജാമ്യം നല്‍കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാലാണ് അമിത് മിശ്രയെ വിട്ടയച്ചതെന്നും ബെംഗലൂരു ഡിസിപി സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അമിത് മിശ്രയ്‌ക്കെതിരേ 34 കാരിയായ ഫിലിം പ്രൊഡ്യൂസര്‍ അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് താരത്തിന് സമന്‍സ് അയയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമിത് മിശ്ര പൊലീസിന് മുന്‍പാകെ ഹാജരായത്.അതിനിടെ പരാതി പിന്‍വലിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നെങ്കിലും യുവതി ഇത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് മിശ്രയെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചതും.

സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 354, 328 വകുപ്പുകള്‍ ചുമത്തിയാണ് അമിത് മിശ്രയ്‌ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ബാംഗളൂരില്‍ നടന്ന പരിശീലന ക്യാമ്പിനിടെയാണ് യുവതിയെ അമിത് മിശ്ര പരിചയപ്പെട്ടത്.
Top