സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിമാർ അടക്കം അഞ്ചു മുതിർന്ന കോൺഗ്രസ് നേതാക്കളെ കാലുമാറ്റി കളത്തിലെത്തിച്ച കേരളത്തിൽ ഭരണം പിടിക്കാൻ അമിത്ഷായുടെ തന്ത്രം. രണ്ടു മുതിർന്ന കേന്ദ്രമന്ത്രിരെയും, ഒരു സി.പി.എം ദളിത് നേതാവിനെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ബി.ജെ.പിയുടെ ബുദ്ധികേന്ദ്രമായ അമിത് ഷാ ആരംഭിച്ചു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒന്നാം നമ്പർ പ്രതിപക്ഷമായി മാറുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങളാണ് അമിത്ഷായും സംഘവും ചേർന്നൊരുക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന്റെ സ്ഥിതി അതീവ മോശമാണ് എന്നു തിരിച്ചറിയുന്ന രണ്ടു മുതിർന്ന നേതാക്കളാണ് ഇപ്പോൾ പാളയം മാറ്റാൻ ഒരുങ്ങുന്നത്. അടുത്തിടെ എം.പിയായ കോൺഗ്രസ് നേതാവും, മുൻ കേന്ദ്രമന്ത്രിയും, മറ്റൊരു മുതിർന്ന എം.പിയുമാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയുടെ പാളയത്തിൽ എത്താനൊരുങ്ങുന്നത്.
ഇതിൽ, ഒരു കോൺഗ്രസ് നേതാവിന്റെ ആജീവനാന്ത ലക്ഷ്യം തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ആകുകയാണ്. ബി.ജെ.പിയുടെ ഭാഗമായി കേരളത്തിൽ ഒരു തവണയെങ്കിലും മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യമാണ് ഇദ്ദേഹത്തെ ബി.ജെ.പിയുമായി അടുപ്പിക്കുന്നത്.
കേരളത്തിലെ സി.പി.എമ്മിൽ ദളിത് വിഭാഗത്തിൽപ്പെട്ട നേതാവിനെ ചോർത്തിയെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ബി.ജെ.പി മറ്റൊരു രീതിയിൽ പയറ്റുന്നത്. മലബാർ മേഖലയിൽ നിന്നുള്ള സി.പി.എമ്മിലെ ദളിത് നേതാവിനെയാണ് ഇപ്പോൾ ബിജെപിയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നത്. നേരത്തെ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായി പോലും പരിഗണിച്ചിരുന്നു. എന്നാൽ, ഇദ്ദേഹത്തെ പിന്നീട് പാർട്ടിയിൽ നിന്നും തഴയുകയായിരുന്നു.
അടുത്ത നിയമസഭയിൽ പ്രധാന പ്രതിപക്ഷമാകുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അടുത്ത തവണയും സി.പി.എം തന്നെ അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷത്തിനു ശേഷം ഭരണം കേരളത്തിൽ പിടിക്കാനാവുമെന്നു ബി.ജെ.പി കരുതുന്നു. ഇതിനായാണ് കേരളത്തിലെ സി.പി.എം – കോൺഗ്രസ് നേതാക്കൾക്കായി ചരട് വലിക്കുന്നത്.