ന്യൂഡല്‍ഹി:സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് . ഗുരുഗ്രാമില്‍ താമര ചിഹ്നമുള്ള ബട്ടണ്‍ ശക്തിയായി അമര്‍ത്തുമ്പോള്‍ ഇറ്റലിയില്‍ ഷോക്ക് അടിക്കുമെന്ന് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പേരെടുത്ത് പറയാതെ അദ്ദേഹം പരിഹസിച്ചു. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാര്‍ കോണ്‍ഗ്രസുകാരുടെ അമ്മാവന്റെ മക്കളാണോ എന്ന് അദ്ദേഹം ചോദിച്ചു. ഹരിയാനയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുഗ്രാമില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമ്പോഴെല്ലാം എന്തിനാണ് അവരെ നാടുകടത്തുന്നത് എന്ന് കോണ്‍ഗ്രസ് നിരന്തരം ചോദിക്കുന്നു. അവര്‍ എവിടെ പോകുമെന്നും എന്ത് കഴിക്കുമെന്നും കോണ്‍ഗ്രസ് വേവലാതിപ്പെടുന്നു. അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ അമ്മാവന്റെ മക്കളാണോ? രാഹുല്‍ ഗാന്ധിയും ഭൂപീന്ദര്‍ സിംഗ് ഹൂഡയും എതിര്‍ത്തുകൊള്ളട്ടെ. എന്നാല്‍ ആരൊക്കെ എതിര്‍ത്താലും 2024ന് മുമ്പ് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്’. അമിത് ഷാ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എല്ലാവരും മനോഹര്‍ലാല്‍ ഖട്ടറിനു വേണ്ടി വോട്ടുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.