ബിജെപി ബാന്ധവത്തിന് കെഎം മാണി ശ്രമിച്ചെന്ന് പിസി ജോര്‍ജ്ജ്; പൊളിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനവും പിസി തോമസും ചേര്‍ന്ന്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കെഎം മാണി ശ്രമിച്ചെന്ന ആരോപണവുമായി പിസി ജോര്‍ജ്ജ്. മാണിയുടെ അല്‍ഫോണ്‍സ് കണ്ണന്താനവും പിസി തോമസും ചേര്‍ന്ന് പൊളിച്ചതാണെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ. മാണി ശ്രമിച്ചിട്ടും അദ്ദേഹത്തെ കാണാന്‍ അമിത് ഷാ കൂട്ടാക്കിയില്ലത്രേ.

കെ.എം മാണിയുമായി കൂട്ടുകൂടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മാണി ആരാണെന്നതിന്റെ യഥാര്‍ഥ ചിത്രവും അല്‍ഫോന്‍സ് കണ്ണന്താനം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷാ കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറിയതെന്ന് പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമിത്ഷായും അല്‍ഫോന്‍സ് കണ്ണംന്താനവും ഒരേ വിമാനത്തിലാണ് കേരളത്തിലെത്തിയത്. ഇതില്‍ വച്ചാണ് അമിത്ഷാ മാണിയുമായുള്ള കൂടിക്കാഴ്ച വേണ്ടന്നു വയ്ക്കുന്നത്. കെ.എം മാണിയെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കണം എന്ന് അഭ്യര്‍ത്ഥിക്കാനാണ് ബിഷപ്പുമാര്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഹിന്ദിയറിയാത്ത കെ.എം മാണി എങ്ങനെ രാജ്യസഭയില്‍ പോയിരിക്കും. ആര്‍ക്കും വേണ്ടാതെ മാണി വഴിയാധാരമായിരിക്കുകയാണ്. മണിക്കൂറുകള്‍ ഇടവിട്ടാണ് അദ്ദേഹം നയങ്ങള്‍ മാറ്റുന്നത്. കശാപ്പ് നിരോധനം സംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍, ബിജെപി സര്‍ക്കാരിനെ പിന്തുണച്ച് പ്രമേയത്തെ എതിര്‍ക്കുകയും തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പ്രമേയത്തെ പിന്തുണയ്ക്കുകയുമാണ് മാണി ചെയ്തത്. പി.ജെ ജോസഫിന്റെ അനുവാദത്തോടെയാണ് കെ.എം മാണി എല്‍.ഡി.എഫിലേക്ക് പോവാനും മുഖ്യമന്ത്രിയാവാനും ശ്രമം നടത്തിയത്.

ഇക്കാര്യം പി ജെ ജോസഫിന് വ്യക്തമായറിയാം. താന്‍ ഇടനിലക്കാരനായാണ് കെ.എം മാണിയുടെ വീട്ടില്‍ സിപിഎമ്മിന്റെ പ്രമുഖനേതാക്കള്‍ക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്. കെ.എം മാണിക്ക് ഇക്കാര്യങ്ങളൊന്നും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top