ന്യൂഡൽഹി: 1975 ജൂൺ 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു കുടുംബത്തിന്‍റെ അധികാരത്തോടുള്ള ആർത്തി കാരണമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഒറ്റ രാത്രികൊണ്ട് രാജ്യം മുഴുവൻ തടവിലായി. മാധ്യമങ്ങൾ, കോടതികൾ, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ ചവിട്ടി മെതിക്കപ്പെട്ടു. ദരിദ്രർക്കും അധസ്ഥിതർക്കുമെതിരെ വലിയ അതിക്രമങ്ങൾ നടന്നു’- അമിത് ഷാ ട്വീറ്റ് ചെയ്തു.ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമത്തെത്തുടർന്നാണ് അടിയന്തരാവസ്ഥ പിൻവലിച്ചതെന്ന് മറ്റൊരു ട്വീറ്റിൽ അമിത് ഷാ പറയുന്നു. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും അത് കോൺഗ്രസിൽ ഇല്ലാതായി. ഒരു കുടുംബത്തിന്റെ താൽപ്പര്യങ്ങൾ പാർട്ടി താൽപ്പര്യങ്ങൾക്കും ദേശീയ താൽപ്പര്യങ്ങൾക്കും മേലെ നിലനിന്നു. ഇന്നത്തെ കോൺഗ്രസിലും ഈ ദുഃഖകരമായ അവസ്ഥ വളർന്നുകൊണ്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
‘അടുത്തിടെ നടന്ന സർവ്വകക്ഷി യോഗത്തിൽ മുതിർന്ന അംഗങ്ങളും മറ്റുള്ളവരും കുറച്ച് പ്രശ്നങ്ങൾ ഉന്നയിച്ചു. പക്ഷേ, അവർ(കോൺഗ്രസ്) ആക്രോശിക്കുകയായിരുന്നു. ഒരു പാർട്ടി വക്താവിനെ പുറത്താക്കി. നേതാക്കൾക്ക് കോൺഗ്രസിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുവെന്നതാണ് ദുഃഖകരമായ സത്യം’- അമിത് ഷാ ട്വീറ്റ് ചെയ്തു.
‘ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളിലൊന്നായ കോൺഗ്രസ് സ്വയം ചോദിക്കേണ്ട ചിലതുണ്ട്:എന്തുകൊണ്ടാണ് അടിയന്തരവസ്ഥ കലർന്ന മാനസികനില തുടരുന്നത്?നെഹ്റു കുടുംബത്തിൽ പെടാത്ത നേതാക്കൾക്ക് സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?എന്തുകൊണ്ടാണ് കോൺഗ്രസിൽ നേതാക്കൾ നിരാശരാകുന്നത്?അല്ലാത്തപക്ഷം, ജനങ്ങളുമായി അവർ(കോൺഗ്രസ്) അകലുന്നത് വർദ്ധിച്ചുകൊണ്ടിരിക്കും.’