അമ്മ മഴവില്ല് ഷോയിലൂടെ ഡബ്ല്യുസിസിയെ പരിഹസിച്ചെന്ന് റിമ കല്ലിങ്കല്‍ ആരോപിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ നിലപാടിനെ ‘അമ്മ’ നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്‌കിറ്റെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രസ്താവന. എന്നാല്‍, ഡബ്ല്യൂസിസി അംഗമായ പാര്‍വതി സ്‌കിറ്റ് കണ്ടതാണെന്നും അപ്പോള്‍ ഉണ്ടാവാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നും തെസ്‌നി ഖാന്‍ പ്രതികരിച്ചു.
എന്നാല്‍ സ്‌കിറ്റിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മഞ്ജു പിള്ളയുടെ നിലപാട്. സുരഭി ലക്ഷ്മി, മഞ്ജു പിള്ള, പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍, അനന്യ, കുക്കു പരമേശ്വരന്‍ എന്നിവരാണ് വിവാദ സ്‌കിറ്റില്‍ അഭിനയിച്ചത്.
സ്‌കിറ്റിനെക്കുറിച്ച് തെസിനി ഖാന്‍ പറഞ്ഞത് ഇങ്ങനെ:
അമ്മ മഴവില്ലില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്ന് കുക്കു പരമേശ്വരന്‍ നിര്‍ദേശം വച്ചപ്പോള്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ആശയം സുരഭി ലക്ഷ്മിയാണ് മുന്നോട്ട് വച്ചത്. മഞ്ജു പിള്ളയും സുരഭിയും രാത്രി പന്ത്രണ്ട് വരെയൊക്കെ ഇരുന്ന് രണ്ട് മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ സഹായത്തോടെ സ്‌കിറ്റ് തയ്യാറാക്കി.
സിദ്ദിഖ് സാര്‍, ലാലേട്ടന്‍, മമ്മൂക്ക, സുജിത് സാര്‍, മുകേഷേട്ടന്‍, ദേവന്‍ ചേട്ടന്‍ എന്നിങ്ങനെ എല്ലാവരും വായിച്ച സ്‌ക്രിപ്റ്റ് ആണ്. അവരൊന്നും ഒരു പ്രശ്‌നവും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കില്‍ അത് വേണ്ടെന്ന് അവര്‍ പറയുമായിരുന്നു. മമ്മൂക്ക ആണ് അങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരാള്‍. മമ്മൂക്കയ്ക്ക് പോലും സ്‌കിറ്റില്‍ പ്രശ്‌നം തോന്നിയില്ല.
ആദ്യമായിട്ടാണ് സ്ത്രീകളുടെ സ്‌കിറ്റ് എന്ന രീതിയില്‍ ഒരു പരിപാടി വരുന്നത്. അറിവില്ലാത്ത സ്ത്രീകള്‍ അറിവുള്ളവരായി ഭാവിക്കുന്നതാണ് സ്‌കിറ്റില്‍. പാര്‍വതിയെ കളിയാക്കിയെന്ന പേരില്‍ വിവാദം ഉയര്‍ന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. സ്‌കിറ്റ് ചെയ്യുമ്പോള്‍ ഞങ്ങളൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. നമ്മുടെ സ്‌കിറ്റിന് ചിരി വരണം… നന്നാക്കണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. മനസാ വാചാ കര്‍മണാ അറിയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഷോ നടന്നിട്ട് ഇത്ര ദിവസമായി. ഇത്രയും കാലം ഇങ്ങനെയൊരു പ്രശ്‌നം ആരും ഉന്നയിച്ചില്ല.
പാര്‍വതി ആ ഷോയില്‍ പങ്കെടുത്തതല്ലേ. ആ സ്‌കിറ്റ് കണ്ടിട്ട് അവര്‍ ഒന്നും പറഞ്ഞില്ല. സ്‌കിറ്റ് കഴിഞ്ഞിട്ടും ഞങ്ങളൊക്കെ പാര്‍വതിയോട് സംസാരിച്ചിട്ടുണ്ടല്ലോ. ഇങ്ങനെ ഒരു പ്രശ്‌നം തോന്നിയിരുന്നെങ്കില്‍ പാര്‍വതിക്ക് ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ. പാര്‍വതി കാര്യങ്ങള്‍ ധൈര്യത്തോടെ തുറന്ന് പറയുന്ന ഒരാളാണ്. അവര്‍ റിഹേഴ്‌സലും കണ്ടതാണ്. പ്രശ്‌നം റിഹേഴ്‌സല്‍ ക്യാമ്പില്‍ പറയാമായിരുന്നല്ലോ. അതൊന്നും ചെയ്തില്ല. ഇപ്പോള്‍ ആരാണ് പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിയതെന്ന് മനസിലാവുന്നില്ല.