കൊച്ചി: പ്രമുഖ നടി അക്രമിക്കപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ താരസംഘടനയായ അമ്മയുടെ നേതൃയോഗങ്ങൾ ഇന്ന് കൊച്ചിയിൽ ആരംഭിക്കും.കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയിൽ ആയിരിക്കും യോഗം നടക്കുക. 11 മണിയോടെ എക്സ്ക്യൂട്ടീവ് യോഗമാണ് തുടങ്ങുന്നത്. അടുത്ത ദിവസം ജനറൽ ബോഡി യോഗവും നടക്കും.പുതിയ സാഹചര്യത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം തന്നെയായിരിക്കും യോഗത്തിന്റെ പ്രധാന ചർച്ച വിഷയം. ആരോപണത്തിന്റെ മുൾമുന ദിലീപിലേക്കും ,നാദിർഷായിലേക്കും നീണ്ടതോടെ സംഘടനക്കുള്ളിൽ തന്നെ രണ്ടഭിപ്രായം ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.തുടക്കത്തിൽ ദിലീപിനൊപ്പം നിന്നിരുന്ന പല പ്രമുഖരും നിലപാട് മയപ്പെടുത്തിയെന്നാണ് വിവരം.കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനൽ ചർച്ചയിൽ നടിയെ അപമാനിക്കുന്ന തരത്തിൽ ദിലീപ് പരാമർശം നടത്തിയതാണ് കാര്യങ്ങൾ കീഴ്മേൽ മറിച്ചത്.അമ്മയിലെ അംഗങ്ങൾ കൂടിയായ നടിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച വനിത സംഘടന ഇപ്പോൾ തന്നെ ദിലീപിനെതിരെ രംഗത്തുണ്ട്.
വിമൻ ഇൻ കളക്ടീവ് അംഗങ്ങളായ മഞ്ജു വാര്യരും ,പാർവ്വതിയും നാളത്തെ ജനറൽ ബോഡി യോഗത്തിൽ തങ്ങളുടെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. പുതിയ സംഘടനക്കെതിരെ വിമർശനവും യോഗത്തിൽ ഉയർന്ന് വരാനിടയുണ്ട്. എന്തൊക്കെയായാലും ദിലീപിനെ സംരക്ഷിച്ച് കൊണ്ടുള്ള നിലപാടായിരിക്കും അമ്മ കൈക്കൊള്ളുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.തൊട്ടും തൊടാതെയും വിഷയം അവതരിപ്പിച്ച് തടി തപ്പാനായിരിക്കും സംഘടനാ നേതാക്കളുടെ ശ്രമം.പ്രത്യക്ഷമായി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അദ്ധേഹത്തിന്റെ ആശങ്ക കൂടി കേൾക്കണമെന്നായിരിക്കും സംഘടനയുടെ പൊതു നിലപാട്. വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മമ്മൂട്ടി അടക്കമുള്ളവർക്ക് നിലവിലെ സംഭവ വികാസങ്ങളിൽ ആശങ്കയുള്ളതായാണ് സൂചന.ഇപ്പോഴത്തെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.
സിനിമയിൽ തന്നെയുള്ള പ്രമുഖർ ഇതിനായി നീക്കം നടത്തുന്നതായും സൂചനയുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നടി അക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ പ്രവർത്തകർക്കാകെ നാണക്കേടുണ്ടാക്കിയെന്ന പൊതുവികാരവും താരങ്ങൾക്കിടയിലുണ്ട്. മമ്മൂട്ടിയും, മോഹൻലാലും, ഇന്നസെൻറു,സുരേഷ് ഗോപിയുമടക്കമുള്ള പ്രമുഖരെല്ലാം അമ്മയുടെ യോഗത്തിനായി കൊച്ചിയിലെത്തും. അതേ സമയം അക്രമിക്കപ്പെട്ട നടി ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന.
അതേസമയം നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കി തീർക്കാനുള്ള നീക്കം അണിയറയിൽ സജ്ജീവം.ഇതിന്റെ ഭാഗമായി ഒരു വിഭാഗം നിർമ്മാതാക്കൾ തലസ്ഥാനത്ത് യോഗം ചേർന്നു.ഇന്നലെ ( ചൊവ്വ ) ഉച്ചയോടെ നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു അനൗദ്യോഗിക യോഗം. പ്രമുഖരായ എട്ടോളം നിർമ്മാതാക്കൾ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.നിലവിൽ മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളാണ് യോഗം ചർച്ച ചെയ്തതെന്നാണ് പങ്കെടുത്ത പ്രമുഖ നിർമ്മാതാക്കളിൽ ഒരാൾ ഡെയ്ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ നടൻ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഭൂരിഭാഗം നിർമ്മാതാക്കളുടേയും നിലപാട്.ദിലീപിനൊപ്പം തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് നടിയെ സമ്മർദ്ധത്തിലാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്.താരസംഘടനയായ അമ്മ യുടെ യോഗത്തിന് ശേഷം യോഗം ചേർന്ന് ദിലീപിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാനാണ് നിർമ്മാതാക്കളുടെ നീക്കം.
അതേ സമയം നടിയോടടുപ്പമുള്ള വരുമായി പ്രശ്നം സംസാരിച്ച് തീർക്കാനും ശ്രമം നടക്കുന്നതായാണ് വിവരം. മറ്റൊരു പ്രമുഖ നടനും, നിർമ്മാതാവുമാണ് അനുരഞ്ജന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി ചർച്ചയിൽ ദിലീപ് നടിയെ അപമാനിച്ചത് അവരുടെ വീട്ടുകാരെയും നടിയേയും വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്. സിനിമ മേഖലയിലെ പുതിയ വനിത സംഘടനയും നടിക്കൊപ്പം ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അനുരഞ്ജന നീക്കം ഫലം കാണില്ലെന്നാണ് സൂചന.