ദിലീപ് രാജിവച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്: ഡബ്ല്യുസിസി അംഗങ്ങളായ രേവതിയുടെ പാര്‍വ്വതിയും യോഗത്തിനെത്തി

നടി ആക്രമണക്കേസിനെത്തുടര്‍ന്ന് നടന്‍ ദിലീപ് അമ്മയില്‍ നിന്നും രാജിവച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട്. ദിലീപ് സ്വമേധയാ രാജിവയ്ക്കുകയായിരുന്നെന്ന അമ്മ സെക്രട്ടറി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ പരസ്യനിലപാടിനെ ഔദ്യോഗികമായി ഖണ്ഡിക്കുന്നതാണു ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ട്.

ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഉന്നയിച്ചത് ഊര്‍മിള ഉണ്ണിയായിരുന്നു. തുടര്‍ന്ന് ഐകകണ്ഠേന കയ്യടിച്ചാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് ഏറെ വിവാദമാവുകയും ചെയ്തു. ഊര്‍മിള ഉണ്ണി ഇത്തവണത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതെല്ലാം ഏതു വിഷയവുമായി ബന്ധപ്പെട്ടതാണെന്നതുള്‍പ്പെടെ മറ്റു വിശദാംശങ്ങളൊന്നുമില്ല. തിലകനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ‘അമ്മ’ യോഗങ്ങളില്‍ നിന്നു കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിട്ടു നിന്ന മകന്‍ ഷമ്മി തിലകന്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു. സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ രേവതിയും പാര്‍വതി തിരുവോത്തും അമ്മ യോഗത്തില്‍ പങ്കെടുത്തു. ഭേദഗതി നിര്‍ദേശങ്ങളിലുള്‍പ്പെടെ ഇവര്‍ അഭിപ്രായം വ്യക്തമാക്കിയെങ്കിലും ഒരു ഘട്ടത്തിലും വാദപ്രതിവാദങ്ങളിലേക്കു ചര്‍ച്ച പോയില്ല. നീണ്ട ഇടവേളയ്ക്കു ശേഷമാണ് രേവതി അമ്മ ജനറല്‍ ബോഡി യോഗത്തിനെത്തിയത്. വൈകിട്ട് 4.20ന് യോഗം അവസാനിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് രേവതിയും പാര്‍വതിയും യോഗം നടന്ന ഹോട്ടലിന് പുറത്തേക്കു പോയെങ്കിലും 10 മിനിറ്റിനുള്ളില്‍ മടങ്ങിയെത്തിയ പാര്‍വതി അവസാനം വരെ പങ്കെടുത്തു.

അതേസമയം മഞ്ജു വാരിയര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ എത്തിയില്ല. ഷൂട്ടിംഗ് തിരക്കുള്ളതിനാല്‍ ഇവര്‍ വരില്ലെന്നു മുന്‍കൂട്ടി അറിയിച്ചിരുന്നതായി സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

Top