കരമന അനന്തു ഗിരീഷ് വധക്കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിന്റെ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറും. പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവര്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. റിമാഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കരമന അരശുമൂട് നിന്ന് പട്ടാപകല്‍ പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്.
ബൈക്കില്‍ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മര്‍ദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവില്‍ ഇരുത്തിക്കൊണ്ടുപോവുകയായിരുന്നു. കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടില്‍ ക്കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൊലപാതകം.
അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തായ കൊവ്വുവാവയെ അനന്തുവിന്റെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് അനന്തുവിന്റെ കൊലയെന്നാണ് പൊലീസ് പറയുന്നത്.