16കാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി! സഹോദരന്‍ അറസ്റ്റിൽ !കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരികള്‍ക്ക് അടിമ !..അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു.ആല്‍ബിനെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരം.

കണ്ണൂർ :കാസര്‍കോട് ജില്ലയിലെ ബളാലില്‍ പതിനാറുകാരി ആന്‍മേരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതായി പൊലീസ്. സഹോദരനാണ് ആന്‍മേരിയെ കൊലപ്പെടുത്തിയത്.കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാല്‍ അരീങ്കലിലെ ബെന്നിയുടെ മകള്‍ ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു.അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി.

എന്നാല്‍ മഞ്ഞപ്പിത്ത ബാധയുണ്ടെന്ന സംശയത്താല്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ഐസ്‌ക്രീം കഴിച്ച ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെ ആന്‍മേരി മരിച്ചു. പിതാവ് ബെന്നിയുടെ നില ഗുരുതരമായ തുടരുകയാണ്.

പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഇതില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായി. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്. തുടര്‍ന്ന് സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.മാതാപിതാക്കള്‍ സഹോദരിയോട് അമിത വാത്സല്യം കാണിക്കുന്നുവെന്നും തന്നെ അവഗണിക്കുന്നുവെന്നുമുള്ള തോന്നലാണ് ആല്‍ബിനെ ഈ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം.

കഞ്ചാവ് ഉള്‍പ്പെടെ പല ലഹരിയ്ക്കും ഇയാള്‍ അടിമയായിരുന്നുവെന്നും വിവരമുണ്ട്. മറ്റു പല വഴിവിട്ട ബന്ധങ്ങളും ഇയാള്‍ക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുകയായിരുന്നു ആൽബിൻ ലക്‌ഷ്യം വെച്ചിരുന്നതെന്നും പോലീസ് പറയുന്നുണ്ട്. ആല്‍ബിന്റെ രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമാകുന്നു എന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്.

Top