ന്യുഡൽഹി. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗ്രൂപ്പ് പോരിലും മറ്റും മനംമടുത്ത് പിസി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചതിനു പിന്നാലെ പിസി ചാക്കോയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. മറിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും മറ്റ് എതിര്‍കക്ഷികള്‍ക്കുമെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി ഐക്യപ്പെട്ടിരിക്കുകയാണെന്നും ആനന്ദ് ശര്‍മ കൂട്ടി ചേര്‍ത്തു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെ ഏകോപനമാണ് ഉള്ളതെന്നുമുള്ള വിമര്‍ശനമാണ് പിസി ചാക്കോ രാജി പ്രഖ്യാപിക്കുന്നതിനിടെ ഉയര്‍ത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും പിസി ചാക്കോ പറഞ്ഞിരുന്നു.
‘ഇവിടെ രണ്ട് ഗ്രൂപ്പുകള്‍ ഇല്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷയായിട്ടുള്ള ഒറ്റ കോണ്‍ഗ്രസേ ഉള്ളൂ. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയേയും മറ്റ് എതിര്‍കക്ഷികളേയും പരാജയപ്പെടുത്തുകയെന്നത് മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.’ ആനന്ദ് ശര്‍മ പറഞ്ഞു. പിസി ചാക്കോ രാജി വെച്ചതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയുടെ പ്രതികരണം. എന്നാല്‍ മല്ലികാര്‍ജ്ജുന ഗാര്‍ഗെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
പിസി ചാക്കോയുടെ പ്രതികരണം:
കേരളത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് പരിഹാരമുണ്ടാവാന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഗ്രൂപ്പുകള്‍ക്ക് അധീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് കേരളത്തിലില്ല. രണ്ട് ഗ്രൂപ്പുകളുടെ ഏകോപനമാണ്. മുഴുവന്‍ സീറ്റുകളും ഒന്ന് ഐയുടേയോ എയുടെയോ സീറ്റുകളാണ്. ഐയുടെ സീറ്റില്‍ അവരുടെ ആളുകളും എയുടെ സീറ്റില്‍ അവരുടെ ആളുകളും മത്സരിക്കുന്നു.
കോണ്‍ഗ്രസിന്റെ നടപടി ക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വെക്കണം. അത് ചര്‍ച്ച നടത്തി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയക്കും. എന്നാല്‍ ഇത്തവണ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിലാണ്. പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
വിഎം സുധീരനും ഞാനുമെല്ലാം നിരന്തരം ഇതിനെകുറിച്ച് ഹെക്കമാന്റിനോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ നിരുത്സാഹപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനം ഒരു പാര്‍ട്ടിയിലും ഉണ്ടായിട്ടില്ല. വിജയസാധ്യത മാനദണ്ഡമാക്കി വെക്കുന്നതിന് പകരം ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതിച്ചെടുക്കുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തിനാണ് ഹൈക്കമാന്റ് അംഗീകാരം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി. വ്യക്തിപരമായ ഒരു പരാതിയുടേയും അടിസ്ഥാനത്തിലല്ല. ഗ്രൂപ്പുകള്‍ക്ക് അധീതമായി നിന്ന് പ്രവര്‍ത്തിക്കുന്നവരെ പ്രൊട്ടക്റ്റ് ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ കഴിയാതെ ഗ്രൂപ്പുകാരനായി നില്‍ക്കേണ്ട അവസ്ഥയാണ്. ഒരു കോണ്‍ഗ്രസുകാരനായി കേരളത്തിലിരിക്കുകയെന്നത് അസാധ്യമാണ്.