കണ്ണൂര്‍: ഇതുവരെ കേട്ടുകേഴ് വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചത്. തെരുവുനായയും കീരിയും പൂച്ചയും ആക്രമകാരികളായപ്പോള്‍ ഒറ്റ ദിവസം ആശുപത്രിയിലായത് പത്ത് പേരാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ മുഖരിതമായ കണ്ണൂരില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ഇത്രയും അധികം ആളുകള്‍ ഒറ്റ ദിവസം ആശുപത്രിയിലാകുന്നത് ഇത് ആദ്യത്തെ സംഭവമായിരിക്കും.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചെമ്പിലോട് കോമത്തുകുന്നുമ്മലില്‍ ആറുപേര്‍ക്കാണു ഇന്നലെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പില്‍ വളര്‍ത്തുപൂച്ചയാണു വീട്ടമ്മയെ കടിച്ചത്. ഈ മൂന്ന് സംഭവങ്ങളും നടന്നത് അടുത്തടുത്തായി. ചെമ്പിലോട് കോമത്തുകുന്നുമ്മല്‍ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് വൈകിട്ട് കടിയേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത് അറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്ദിനും തിരികെപ്പോകുന്ന വഴി കടിയേറ്റു. ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റത് അറിഞ്ഞ് അയല്‍വാസിയായ കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു.
മക്കള്‍ മദ്രസയില്‍ പോയ നേരമായതിനാല്‍ അവര്‍ ഒറ്റയ്ക്കു വീട്ടിലേക്കു വരുന്നത് അപകടമാവുമെന്നു പേടിച്ചാണ് ശരീഫ ജാനകിയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്രസയിലേക്കു പോകുംവഴി ശരീഫയ്ക്കും കടിയേറ്റു. പാലു വാങ്ങാനായി സൊസൈറ്റിയിലേക്കു പോകുന്നതിനിടെയാണു കണ്ണമ്പേത്തു വസന്തനു കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
മേല്‍പ്പറഞ്ഞവരെ കടിച്ചത് തെരുവുനായയാണെങ്കില്‍ കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂര്‍കുന്നത്തുതാഴെ ദേവിക്ക് വിനയായത് സ്വന്തം വീട്ടിലെ പൂച്ച തന്നെയാണ്. രാത്രി ഭക്ഷണ ശേഷം പാത്രങ്ങള്‍ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കയ്യില്‍ കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ദേവിക്ക് അണുബാധയുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഏഴാം കണ്ണോത്തെ കീരി വയോധികരെ തിരഞ്ഞു പിടിച്ചാണ് കടിച്ചത്.വീടിനു പുറത്തുകൂടി നടക്കവേയാണ് പടിഞ്ഞാറെവീട്ടില്‍ കല്യാണി(80)യുടെ രണ്ടു കാലുകളിലും കീരി കടിച്ചത്. അനക്കിഴക്കേ വീട്ടില്‍ ജനാര്‍ദ്ദനനും (70), എ.കെ.നാരായണനും (87) ഇതേ കീരിയുടെ കടിയേറ്റു.
ഇവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വിശദമായ പരിശോധന ഇവരുടെ കാര്യത്തില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മൃഗങ്ങള്‍ക്ക് പേയുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.