റയില്‍വേയില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ചു; വൈദ്യുതി ബില്ലിന്റെ പേരില്‍ ഭാര്യയേയും മകനെയും കമ്പിപാരകൊണ്ട് തലക്കയ്ടിച്ച് കൊന്ന പോളിന്റെ കഥ

അങ്കമാലി: വൈദ്യുതി ബില്ലിന്റെ പേരില്‍ ഭാര്യയേയും മക്കനെയും കൊന്ന കേസില്‍ പിടിയിലായ പോള്‍ കുറേ കാലമായി ഭാര്യയുമായി പിണക്കത്തിലായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു. എസി യുടെ കാര്യത്തില്‍ നിയന്ത്രണം വേണമെന്ന ആവശ്യം നിരസിച്ചതോടെയാണ് കൊലനടത്തിയതെന്നും പോള്‍ പറഞ്ഞു. ഇതിന് ശേഷം ഖത്തറിലുള്ള മറ്റൊരു മകനെ പോള്‍ വിളിച്ചു. അമ്മയേയും സഹോദരനേയും കൊന്നെന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അറിയിച്ചു. ഇതിനിടെയാണ് പൊലീസ് എത്തിയതും പോളിനെ പിടികൂടിയതും.

ആത്മഹത്യ ചെയ്യാന്‍പോകുന്നു എന്നു വിദേശത്തുള്ള മകനെയും ബന്ധുക്കളെയും ഫോണില്‍ അറിയിച്ചശേഷം പറമ്പിലെ ജാതിമരത്തില്‍ ഗോവണിവച്ചു കയറാനുള്ള ഒരുക്കത്തിനിടെയാണു പ്രതി കറുകുറ്റി പൈനാടത്ത് നടുവിലെ പി.ടി. പോള്‍ പിടിയിലായത്. മേരി (74), തോമസ് (54) എന്നിവരാണു കൊല്ലപ്പെട്ടത്. കറുകുറ്റി ബസ്ലേഹം നീരോലിപ്പാറയിലാണു സംഭവം. കമ്പിപ്പാര ഉപയോഗിച്ചാണു തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു. പോള്‍ ഫോണില്‍ വിളിച്ച ബന്ധുക്കള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പത്തുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി. എങ്കിലും മേരിയുടേയും തോമസിന്റേയും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേരിയും തോമസും പോളുമായി തര്‍ക്കങ്ങള്‍ പതിവായിരുന്നു. വൈദ്യുതി ബില്ലിനെ കുറിച്ചും സന്ധ്യാപ്രാര്‍ത്ഥന നടത്താത്തതിനെപ്പറ്റിയും വഴക്കുണ്ടായിരുന്നു. വീട്ടില്‍ ഒറ്റപ്പെടുകയാണെന്ന തോന്നല്‍ സുഹൃത്തുക്കളോടും മറ്റും പോള്‍ പങ്കുവച്ചിരുന്നു. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നും നിങ്ങള്‍ വരുമ്പോഴേക്ക് എന്റെ ജീവനും പോകുമെന്നുമാണ് പോള്‍ ഖത്തറിലുള്ള മകന്‍ ജോണിയെയും നാട്ടിലുള്ള ബന്ധുക്കളേയും അറിയിച്ചത്.

സംഭവം നടന്നപ്പോള്‍ തന്നെ വൈദ്യുത ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ പോളിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു വിലയിരുത്തല്‍. പോളിന്റെ ആക്രമണത്തില്‍ മേരിയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. നെറ്റിയിലും മുറിവുണ്ടായിരുന്നു. തോമസിന്റെ തലയിലും തോളിലും അടിയേറ്റിട്ടുണ്ട്. തോമസിന്റെ മൃതദേഹം കട്ടിലിലും മേരിയുടേതു നിലത്തുമായിരുന്നു. രണ്ടാമത്തെ മകന്‍ ജോണിയുടെ മകള്‍, ബിഡിഎസ് വിദ്യാര്‍ത്ഥിയായ മെറിന്‍ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് എത്തിയശേഷമാണു മെറിന്‍ വിവരം അറിഞ്ഞത്. കൊലയ്ക്ക് ഉപയോഗിച്ച കമ്പിപ്പാര പൊലീസ് കണ്ടെടുത്തു.

വിശദമായ ചോദ്യം ചെയ്യലില്‍ പോള്‍ എസി കഥ സമ്മതിച്ചു. വീട്ടിലെ ഒരു മുറിയില്‍ മാത്രമാണ് എസിയുള്ളത്. ഭാര്യയുമായുള്ള വിവാഹബന്ധം വര്‍ഷങ്ങള്‍ക്കു മുന്‍പേ നിയമപരമായി വേര്‍പെടുത്തിയ തോമസ് അമ്മയെ പരിചരിക്കാന്‍ ആ മുറിയിലാണ് ഉറങ്ങിയിരുന്നത്. വര്‍ക്കലയില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന മെറിന്‍ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തി. മേരിയും തോമസും എസിയുള്ള മുറിയിലും പോളും മെറിനും മറ്റു മുറികളിലുമാണ് ഉറങ്ങാന്‍ കിടന്നത്. അമിതമായി വിയര്‍ക്കുന്ന അസുഖമുള്ളതിനാല്‍ മേരി എസി പ്രവര്‍ത്തിപ്പിക്കുമായിരുന്നു. വൈദ്യുതി ബില്‍ തുക കൂടുന്നു എന്നതിനാല്‍ പോള്‍ ഇതു വിലക്കി. എന്നാല്‍, ഇക്കഴിഞ്ഞ രാത്രി എസി പ്രവര്‍ത്തിക്കുന്നത് കണ്ടതോടെ പോള്‍ വീടിന്റെ പിന്നിലെ ഷെഡ്ഡില്‍ നിന്നു കമ്പിപ്പാരയെടുത്ത് മുറിയിലെത്തി ഇരുവരെയും അടിച്ചു കൊല്ലുകയായിരുന്നു. ആദ്യം മകന്റെയും പിന്നീടു ഭാര്യയുടെയും തലയ്ക്ക് അടിച്ചെന്നാണ് പോളിന്റെ മൊഴി.

തൂങ്ങിമരിക്കാന്‍ തീരുമാനിച്ച് ഗോവണി വച്ചെങ്കിലും കൈകാലുകള്‍ വിറച്ചതിനാല്‍ മരത്തില്‍ കയറാന്‍ സാധിച്ചില്ലെന്നു പോള്‍ മൊഴി നല്‍കി. മാസം 4,500 രൂപയുടെ വൈദ്യുതി ബില്‍ വരാറുണ്ടെന്നും പോള്‍ പൊലീസിനോടു പറഞ്ഞു. ഉറ്റവര്‍ ഒറ്റപ്പെടുത്തുകയാണെന്ന പോളിന്റെ തോന്നലും കൊലയ്ക്കു കാരണമായതായി പൊലീസ് പറഞ്ഞു. റയില്‍വേയില്‍ നിന്ന് ഓഫിസ് സൂപ്രണ്ടായി വിരമിച്ചയാളാണ് പോള്‍. കറുകുറ്റിയില്‍ വീടു പണിതു താമസം തുടങ്ങിയിട്ട് 25 വര്‍ഷത്തിലേറെയായി.

Top