ഇറാനില്‍ പൊതുയിടത്തില്‍ വെച്ച് ഹിജാബ് ഊരി പ്രതിഷേധിച്ച സംഭവത്തില്‍ 35ഓളം സ്ത്രീകളെ ജയിലിലടച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും പേര്‍ അറസ്റ്റിലായിരിക്കുന്നത്. വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ കഠിനതടവ് ലഭിച്ചേക്കും. അതേസമയം യുവതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനം നേരിടേണ്ടിവന്നതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിര്‍ബന്ധിത ശിരോവസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുകയെന്ന സര്‍ക്കാരിന്റെ പ്രതിഷേധാര്‍ഹമായ നയത്തിന്റെ ഭാഗമാണിവരുടെ അറസ്റ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും ആംനസ്റ്റിയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഡപ്യൂട്ടി ഡയറക്ടര്‍ മഗ്ദലേന മുഘറാബി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 27ന് വിദ മൊവഹേദ് എന്ന 31കാരിയാണ് ശിരോവസ്ത്രം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ഷപ്പറാക്കിന് ജയിലില്‍ പൊലീസുകാരില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റതായി ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അറസ്റ്റിനുശേഷം ഷപ്പറാക്കിന്റെ ശരീരത്തില്‍ അജ്ഞാതവസ്തു കുത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമെ അടുത്തിടെ അറസ്റ്റിലായ നര്‍ഗീസ് ഹൊസേനി, ഷപ്പറാക്ക് ഷാജരിസാദ എന്നിവര്‍ക്കെതിരെ അഴിമതിക്കും വേശ്യാവൃത്തിക്കും പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതിഷേധത്തിന് തുടക്കമിട്ട് പരസ്യമായി ഹിജാബ് വലിച്ചുരൂയ വിദയെ അപ്പോള്‍ത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ 20 മാസം പ്രായമായ കുഞ്ഞിനൊപ്പം ഒരുമാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ വിദയെ അടുത്തിടെ സ്വതന്ത്രയാക്കിയിരുന്നു. വിദ പ്രതിഷേധിച്ചത് മധ്യ ടെഹ്‌റാനിലെ എംഗലാബ് തെരുവിലായിരുന്നു. വിദയെ അറസ്റ്റോടെ സോഷ്യല്‍മീഡിയ വന്‍ പ്രതിഷേധമാണ് നടന്നത്. ഇതോടെയാണ് വിദയെ വെറുതെ വിടാന്‍ അധികൃതരെ നിര്‍ബന്ധിതമാക്കിയത്.
ഹിജാബ് വലിച്ചൂരി പ്രതിഷേധം; ഇറാനില്‍ തടവിലായത് 35ഓളം സ്ത്രീകള്‍; കുറ്റം ചുമത്തിയത് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന്
Tags: HIJAB