ന്യൂഡല്‍ഹി: തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനു സ്റ്റേ. കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്. ആന്‍റണി രാജു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചു.
പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം.
ആന്റണി രാജുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത്, അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവര്‍ ഹാജരായി.അപ്പീല്‍ സമര്‍പ്പിച്ച എം.ആര്‍ അജയനായി അഭിഭാഷകന്‍ ഡി.കെ ദേവേഷാണ് ഹാജരായത്.
വിദേശപൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി പ്രതിയായ ലഹരിമരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്.