കൊച്ചി:2020 ഒക്ടോബർ മാസം 22 ന് ആണ്‍കുഞ്ഞിനു ജന്മം നൽകിയ അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതിയുമായി രംഗത്ത് വന്ന അനുപമക്ക് കോടതിയിൽ നിന്നും തിരിച്ചടി .കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തി ദത്ത് നല്കിയ വിവാദത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്കിയ അനുപമക്ക് തിരിച്ചടി. ഹരജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ അത് തള്ളുമെന്നും കോടതി അറിയിച്ചു. കുടുംബ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി അറിയിച്ചു. അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിയ്ക്ക് അധികാരം ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസ് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹരജിയില്‍ അനുപമയുടെ ആവശ്യം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹര്‍ജിയില്‍ ആരോപിക്കുന്നത്.