തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ അഡി. എസ് പി എ പി ഷൗക്കത്തലി അടക്കം 9 പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ഐപിഎസ് നൽകി ഉത്തരവിറക്കിയത് . നിലവിലുള്ള 11 ഒഴിവുകൾക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്‌സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
ഷൗക്കത്തലിക്കൊപ്പം ടി പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷും ഐപിഎസ് കിട്ടിയവർക്കൊപ്പമുണ്ട്. എ ആർ പ്രേംകുമാർ, ഡി മോഹനൻ, ആമോസ് മാമ്മൻ, വി യു കുര്യാക്കോസ്, എസ് ശശിധരൻ, പി എൻ രമേഷ് കുമാർ, എം എൽ സുനിൽ എന്നിവരാണ് ഐ പി എസ് ലഭിച്ച മറ്റുള്ളവർ.
സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘത്തെയും സിപിഎം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ പി ഷൗക്കത്തലി ഉൾപ്പെടുന്ന പൊലീസ് സംഘമാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ, ടിപി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതല നൽകിയിരുന്നില്ല. തുടർന്ന് ഷൗക്കത്തലി എൻഐഎയിലേക്കു ഡെപ്യൂട്ടേഷനിൽ പോവുകയായിരുന്നു.പിഎസ്‌സിയുടെ എസ് ഐ റാങ്ക് പട്ടികയിൽ ഒന്നാമനായിരുന്നു ഷൗക്കത്തലി. മൂന്നാം റാങ്കുകാരനായിരുന്നു കെ വി സന്തോഷ്.