മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചെന്ന് രവീന്ദ്രൻ അറിയിക്കുകയായിരുന്നു.

കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകിയത്. ഇതോടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സുപ്രധാന ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ ആളെയാണ് ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

അറസ്റ്റിലായ സ്വപ്ന സുരേഷിനെ അടുത്തിടെ ചോദ്യം ചെയ്തതിനു പിന്നാലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ടീമിനാണ് സ്വർണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.മുഖ്യമന്ത്രിയുടെ പ്രിന‍്സിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഇ.ഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടത്തി. ശിവശങ്കർ ഇപ്പോൾ ജയിലിൽ റിമൻഡിൽ കഴിയുകയാണ്.

Top