അന്വേഷണം വൻ സ്രാവുകളിലേക്ക് !സ്വർണ്ണക്കടത്തിൽ മന്ത്രി ജയരാജന്റെ മകന്റെ പങ്കും പരിശോധിക്കണം! :കെ സുരേന്ദ്രൻ

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിക്ക് പുറമെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് അടുത്ത ആരോപണം .കേസിൽ മന്ത്രി ഇപി ജയരാജന്റെ മകന്റെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയത് മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത് എന്നാണ് സിപിഎം നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും ഉള്ളവര്‍ കടുങ്ങുമെന്നായപ്പോള്‍ അവര്‍ അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുകയാണ്. ജലീലിനെ കൂടാതെ ഇ.പി. ജയരാജന്റെ മകന്റെ പേരും ഉയര്‍ന്നുവന്നതോടെയാണ് ഇതിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണ്. നിയമ വാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇപ്പോൾ ഇഡിക്കെതിരെ തിരിഞ്ഞത് വമ്പൻ സ്രാവുകൾ കുടുങ്ങുമോ എന്ന ഭയം കാരണമാണ്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ് എന്ന ആരോപണത്തോട് മുഖ്യമന്ത്രി മറുപടി പറയണം.

അന്വേഷണം തന്നിലേക്കെത്തുമോ എന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. സ്വപ്ന സുരേഷ് ആശുപത്രിയിൽ ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് ചില ഉന്നതരെ ബന്ധപ്പെട്ടതായാണ് വിവരം. സർക്കാരാണ് ഇതിന് അവസരമൊരുക്കിയത്. സ്വപ്ന സുരേഷിനെ കേരളാ പോലീസിന് വിട്ടുകൊടുക്കാനുള്ള നീക്കം കേസന്വേഷണം അട്ടിമറിക്കാനാണ്. ജലീൽ ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. സ്വപ്നയും ജലീലും ഒരേ തൂവൽ പക്ഷികളാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം ശരിയായ ദിശയിലാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ തങ്ങള്‍ക്ക് ഭയമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പരസ്യമായാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇഡി രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണം. മുഖ്യമന്ത്രി ഔദ്യോഗികമായി ഔപചാരികമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആരോപണം അംഗീകരിക്കുന്നുണ്ടോ നിരാകരിക്കുന്നുണ്ടോ എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top