കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു.അമിത് ഷായും നദ്ദയുമായി കൂടിക്കാഴ്ച.സുരേന്ദ്രനെ മാറ്റും.

ന്യൂഡൽഹി : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി സുരേന്ദ്രന്‍ നാളെ കൂടിക്കാഴ്ച നടത്തും. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെ വിളിപ്പിച്ചതെന്നാണ് സൂചന. സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്രസഹമന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊടകര കുഴൽപണക്കേസ്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുമെന്നാണ് സൂചന .

തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക റിപ്പോർട്ട് സുരേന്ദ്രൻ സമർപ്പിക്കും. അതേസമയം, മഞ്ചേശ്വരത്ത് മത്സരത്തില്‍നിന്നു പിന്മാറാന്‍ കെ.സുരേന്ദ്രന്‍ എതിർ സ്ഥാനാര്‍ഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം. കേസില്‍ കെ.സുരേന്ദ്രനു പുറമെ കൂടുതൽ പേരെ പ്രതിച്ചേർക്കാനും അന്വേഷണസംഘം നീക്കം തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം സുന്ദര പൊലീസിന് കൊടുത്ത മൊഴിയിൽ ബിജെപി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടു പോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ കൂട്ടിച്ചേർത്തേക്കാം.

മൊഴി മാറ്റാന്‍ കെ.സുന്ദരയ്ക്ക് സിപിഎമ്മും മുസ്‌ലിം ലീഗും പണം നല്‍കിയെന്ന് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്കെതിരെ സുന്ദരയെ കരുവാക്കുകയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്തും പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടണമെന്ന കേന്ദ്രനിര്‍ദേശത്തിന്‍റെ ഭാഗമായാണ് വിരുദ്ധചേരിയിലുള്ള നേതാക്കളുടെ അടക്കം പ്രതിരോധം.

അതേസമയം, കൊടകര കള്ളപ്പണ കേസ് ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട അനുമതിയെല്ലാം ഇഡിക്ക് ലഭിച്ചുകഴിഞ്ഞതായാണ് വിവരം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇഡി അന്വേഷണം ആരംഭിച്ചേക്കും. നിലവിലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷം ഇഡി പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കള്ളപ്പണ നിരോധനനിയമപ്രകാരമായിരിക്കും കേസ്. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേസന്വേഷണത്തിനായി ചുമതലപ്പെടുത്തുകയെന്നാണ് വിവരങ്ങള്‍.

കൊടകര കള്ളപ്പണക്കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളും പാര്‍ട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചുവെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും കറപുരളാത്ത നേതാവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷവും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

Top