സംഘപരിവാര്‍ ലക്ഷ്യമിടുന്നത് കലാപമോ? ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ബോംബുകള്‍, സിപിഎമ്മിനെ പഴിച്ച് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ കലാപത്തിന് ഒരുങ്ങുന്നു. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് പിന്നാലെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും തലസ്ഥാനമായ തിരുവനന്തപുരത്ത് അക്രമം കൂടുതലായിരുന്നു. ഇപ്പോഴിതാ മലയിന്‍കീഴിലെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ പോലീസ് കണ്ടെടുത്തു. മലയിന്‍കീഴ് ബി.എസ്.എന്‍.എല്ലിന് സമീപത്തെ സ്വകാര്യ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് മൂന്ന് ബോംബുകള്‍ ആണ് കണ്ടെടുത്തത്.

കണ്ടെടുത്ത ബോംബുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ബോംബുകള്‍ ഇന്നലെ ഉച്ചയ്ക്ക് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് നിര്‍വീര്യമാക്കി. 250 ഗ്രാം വീതം തൂക്കമുള്ള ബോംബുകള്‍ വെടിമരുന്ന്, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍, അമോണിയം പൗഡര്‍ എന്നിവ കൊണ്ടായിരുന്നു നിര്‍മ്മിച്ചത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ളതാണിതെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ മാത്രമേ ബോംബുകള്‍ കൊണ്ടുവന്നവരെ കുറിച്ച് പറയാനാകൂവെന്ന് മലയിന്‍കീഴ് എസ്.ഐ സുരേഷ് കുമാര്‍ പറഞ്ഞു.

സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇതില്‍ സംഘപരിവാറിനും ആര്‍.എസ്.എസിനും പങ്കുണ്ടെന്നാണ് സി.പി.എം ആരോപണം. എന്നാല്‍, ഹര്‍ത്താല്‍ അലങ്കോലപ്പെടുത്താന്‍ സി.പി.എമ്മാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

Top